മലപ്പുറം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട ഭർതൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി വീട്ടിൽ കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ വളാഞ്ചേരി പോലീസ് പിടികൂടി. തൃശ്ശൂർ ദേശമംഗലം സ്വദേശി യദുകൃഷ്ണനാണ് (28) അറസ്റ്റിലായത്.(A married woman was threatened, and raped in Malappuram )
വളാഞ്ചേരി സ്റ്റേഷൻ പരിധിയിലെ യുവതിയുമായി നാല് വർഷത്തോളമായി യദുകൃഷ്ണൻ ഫേസ്ബുക്ക് വഴി സൗഹൃദത്തിലായിരുന്നു. യുവതി ഈ ബന്ധം ഉപേക്ഷിക്കാൻ ശ്രമിച്ചതോടെയാണ് ഇയാൾ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും തുടങ്ങിയത്.
യുവതിയുടെ നഗ്‌ന വീഡിയോ ഭർത്താവിന് അയച്ചുകൊടുക്കുമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി നിരവധി തവണ ഇയാൾ വീട്ടിലെത്തി യുവതിയെ ബലാത്സംഗം ചെയ്തു. ഒക്ടോബർ 23-ന് രാത്രി യുവതിയുടെ വീട്ടിലെത്തിയ പ്രതി, കതക് തുറപ്പിച്ച് അകത്ത് കയറി കത്തി കാണിച്ച് വധിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ക്രൂരമായി മർദിച്ചു.
ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്നും ഉപദ്രവം ഉണ്ടാകുമെന്ന് ഉറപ്പായതോടെ യുവതി ഭർത്താവിനൊപ്പം വളാഞ്ചേരി പോലീസിൽ പരാതി നൽകി. തൃശ്ശൂർ ചെറുതുരുത്തിയിൽ ഒളിച്ചു താമസിക്കുകയായിരുന്ന യദുകൃഷ്ണനെ വളാഞ്ചേരി പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി, വളാഞ്ചേരി എസ്.എച്ച്.ഒ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.