കോഴിക്കോട് : ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞ മദ്യക്കുപ്പി ദേഹത്തുവീണ് വിദ്യാർത്ഥിക്ക് പരിക്ക്. പേരാമ്പ്ര നൊച്ചാട് സ്വദേശി ആദിത്യൻ (21) ആണ് പരിക്കേറ്റത്. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം.
ആദിത്യൻ കണ്ണൂരിൽ നിന്ന് ട്രെയിനിൽ യാത്ര ചെയ്ത് കൊയിലാണ്ടിയിൽ ഇറങ്ങി അവിടെ നിന്ന് വീട്ടിലേക്ക് പോകാനായി പ്ലാറ്റ്ഫോമിലൂടെ നടന്നുപോവുമ്പോഴാണ് തൊട്ടടുത്ത പ്ലാറ്റ്ഫോമിലൂടെ പോവുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരൻ പുറത്തേക്ക് എറിഞ്ഞ കുപ്പി മുഖത്ത് കൊള്ളുന്നത്.
ആദിത്യന്റെ മുഖത്ത് മുറിവേല്‍ക്കുകയും പല്ലുകള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ചെയ്തിട്ടുണ്ട്. ഇയാളെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവം അന്വേഷിക്കുമെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി.