തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവ് പി പി തങ്കച്ചന്റെ വേർപാടിൽ അനുശോചിച്ച് എ കെ ആന്റണി. പിപി തങ്കച്ചൻ എല്ലാവർക്കും ഒരു മാതൃകയായിരുന്നെന്നും നഷ്ടമായത് തന്റെ അടുത്ത സുഹൃത്തിനെയാണെന്നും എ കെ ആന്റണി പറഞ്ഞു.
60 വർഷത്തിലേറെയായി ഞങ്ങൾ തമ്മിൽ അടുപ്പമുണ്ട്. യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കുന്ന കാലം തൊട്ട് ഞങ്ങൾ അടുപ്പമുള്ള സുഹൃത്തുക്കളാണ്. മൂന്ന് ആഴ്ചക്ക് മുൻപാണ് ഫോണിലൂടെ ഞങ്ങൾ അവസാനമായി സംസാരിച്ചത്. ആശുപത്രിയിലേക്ക് പോകും മുൻപായിരുന്നു സംസാരം. അദ്ദേഹത്തിന്റെ വേർപാട് കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് വൈകുന്നേരം 4.30നായിരുന്നു മുതിർന്ന കോണ്‍ഗ്രസ് നേതാവും യുഡിഫ് മുൻ കൺവീനറുമായിരുന്ന പി പി തങ്കച്ചൻ അന്തരിച്ചത്. വാർധക്യ സഹജജമായ അസുഖങ്ങളെത്തുടർന്ന് ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെപിസിസി മുൻ പ്രസിഡന്റ്, മുൻ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2004 മുതൽ 2018 വരെ യുഡിഎഫ് കൺവീനറും നാലു വട്ടം എംഎൽഎയും ഒരുവട്ടം മന്ത്രിയുമായി. മാർക്കറ്റ്‌ഫെഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.