പാലക്കാട് : ഉത്രാട നാളില്‍ സോഷ്യല്‍ മീഡിയയില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് മന്ത്രി എം.ബി രാജേഷ്. ആ സമയത്ത് അവരുടെ കഷ്ടപ്പാടുകളും ജീവിത പ്രാരാബ്ധങ്ങളും കണ്ട സുമനസുകളുടെ ഇടപെടലുകളിലൂടെ ആണ് ആ കുരുന്നുകൾക്ക് ഇന്ന് തല ചായ്ക്കാൻ സ്വന്തമായി വീടൊരുങ്ങിയിരിക്കുന്നത്.
അമ്മയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ വീട് എന്ന സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ സന്തോഷമാണ് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.....
ജീവിതത്തില്‍ ഇന്നോളമുണ്ടായിട്ടുള്ള ഏറ്റവും സന്തോഷം നിറഞ്ഞ ഓണാഘോഷം ഏതാണെന്ന് ചോദിച്ചാല്‍ ഈ ഉത്രാടം നാളിലേതെന്ന് ഞാന്‍ പറയും. രാവിലെ ആ വീട്ടിലേക്ക് എത്തുമ്പോള്‍ അമ്മയും രണ്ടു കുട്ടികളും റോഡിലേക്ക് ഇറങ്ങിവന്ന് സ്വീകരിച്ചു. അവരോടൊപ്പം ആ വീടിന്റെ പൂമുഖത്തേക്ക് കയറിയിരുന്നു. എന്തെന്നില്ലാത്ത സന്തോഷമാണ് അനുഭവപ്പെട്ടത്. അവരുടെ ജീവിത സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട ഒരു ദിവസമാണിന്ന്. നിരാശയുടെ പടുകുഴിയില്‍ നിന്ന് പുതിയ ജീവിതത്തിലേക്കു ള്ള മാറ്റം യാഥാര്‍ത്ഥ്യമാകുന്ന ദിവസം. അതിന് കാരണമായത് ഞാന്‍ മുന്‍പൊരിക്കല്‍ ഇവിടെ തന്നെ പങ്ക് വെച്ച അവരുടെ കഥയാണ്. ആ ഫേസ്ബുക്ക് പോസ്റ്റ് അവരുടെ ജീവിതത്തെ മാറ്റിതീര്‍ക്കാന്‍ സഹായകമായി.
ഈ രണ്ട് കുട്ടികളുടെ കഥ മുന്‍പ് പറഞ്ഞത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. വളരെ കഷ്ടപ്പാടുകളും ജീവിത പ്രാരാബ്ധ
ധങ്ങളും നിറഞ്ഞ സാഹചര്യമാണ് അവരുടേത്. അച്ഛനെ കോവിഡ് അകാലത്തില്‍ കവര്‍ന്നെടുത്തു. അമ്മ വളരെ കഷ്ടപ്പെട്ടാണ് മക്കളെ വളര്‍ത്തുന്നത്. താമസിക്കാന്‍ സ്വന്തമായി വീടില്ല. അവരുടേതല്ലാത്ത, പണിതീരാത്ത ഒരു വീട്ടിലാണ് അവര്‍ കഴിഞ്ഞിരുന്നത്. അപ്പോഴാണ് വെള്ളിയാങ്കല്‍ പാര്‍ക്കില്‍ നിന്ന് ഈ രണ്ടു കുട്ടികള്‍ക്ക് സ്വര്‍ണാഭരണം കളഞ്ഞു കിട്ടുന്നത്. ജീവിത പ്രാരാബ്ധങ്ങളും കഷ്ടപാടുകളുമൊന്നും ആ ആഭരണങ്ങള്‍ സ്വന്തമാക്കാനുള്ള പ്രലോഭനമായി അവര്‍ക്ക് മാറിയില്ല. ഇന്നത്തെ കാലത്ത് അതൊരു ചെറിയ കാര്യമല്ലല്ലോ! ആ സ്വര്‍ണാഭരണം ഉടമസ്ഥനെ തിരിച്ചേല്‍പ്പിച്ചു.
ഈ കാര്യം എന്നോട് ഇക്ബാല്‍ മാഷ് പറഞ്ഞപ്പോള്‍ ആ കുട്ടികളെ നേരിട്ട് അഭിനന്ദിക്കണമെന്ന് ഉറപ്പിച്ചു. അതിനായി ഞാനും മാഷും കൂടി അവരുടെ വീട്ടില്‍ എത്തിയപ്പോഴാണ് ആ കുട്ടികളുടെയും അമ്മയുടെയും ജീവിത സാഹചര്യം നേരിട്ട് കണ്ടു മനസ്സിലാക്കുന്നത്.അത് കണ്ട ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നുപോയി. അത്രയും ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ പോലും അവര്‍ സത്യസന്ധത കൈവെടിഞ്ഞില്ല എന്നത് അവരെക്കുറിച്ച് അങ്ങേയറ്റത്തെ അഭിമാനം എന്നിലുണ്ടാക്കി. അത് ഫേസ്ബുക്കില്‍ പങ്കുവച്ചപ്പോള്‍ ദീര്‍ഘകാലമായി അമേരിക്കയിലുള്ള എന്റെ ഒരു അടുത്ത സുഹൃത്ത് അവര്‍ക്ക് വീട് വെച്ച് കൊടുക്കാനുള്ള സന്നദ്ധത അറിയിക്കുകയുണ്ടായി. ഇക്കാര്യം ഇഖ്ബാല്‍ മാഷെയും പാര്‍ട്ടി സഖാക്കളെയും ഞാന്‍ അറിയിച്ചു.
അപ്പോഴാണ് അവര്‍ക്ക് സ്വന്തമായി സ്ഥലം ഇല്ല എന്ന പ്രശ്‌നം അറിയുന്നത്. സ്ഥലം കണ്ടെത്താനും ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. ആരോടും പറയേണ്ടിയും വന്നില്ല. വിവരമറിഞ്ഞ ഉടുപ്പി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും നാട്ടുകാരനുമായ ഷിനോദ് 5 സെന്റ് സ്ഥലം നല്‍കാനുള്ള സന്നദ്ധത ഇങ്ങോട്ട് അറിയിച്ചു. പിന്നീട് കാര്യങ്ങളെല്ലാം വളരെ വേഗത്തില്‍ നടന്നു. ഇക്ബാല്‍ മാഷും സഖാക്കളും എല്ലാ ചുമതലയും ഏറ്റെടുത്തു. വീട് നിര്‍മ്മാണം പൂര്‍ത്തിയായി. ഇന്ന് നാട്ടുകാര്‍ എല്ലാവരും പങ്കെടുത്ത സദ്യ യോട് കൂടിയ ഗൃഹപ്രവേശ ചടങ്ങ് ഗംഭീരമായി നടന്നു.
ചടങ്ങില്‍ വച്ച് ചിത്രകാരനും പാട്ടുകാരനുമായ സുഭാഷ് വരച്ച എന്റെ ചിത്രം എനിക്ക് സമ്മാനിക്കുക യുണ്ടായി. സുഭാഷിന്റെ പാട്ട് ഗൃഹപ്രവേശത്തിന് കൂടുതല്‍ സന്തോഷമേകി. ആര്‍ട്ട് ജനനന്മ എന്ന വനിതാ കൂട്ടായ്മ എനിക്ക് പ്രിയപ്പെട്ട ശര്‍ക്കര ഉപ്പേരിയും സമ്മാനിച്ചാണ് യാത്രയാക്കിയത്. സത്യസന്ധതയുടെ ആള്‍ രൂപങ്ങളായ, സമൂഹത്തിനാകെ മാതൃകയായ ആ രണ്ടു കുട്ടികളെയും ചേര്‍ത്ത് പിടിച്ച് യാത്ര പറഞ്ഞ് അവിടെ നിന്നിറങ്ങി. അവര്‍ പുതിയ വീട്ടില്‍ ഓണം ആഘോഷിക്കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. ഇതിനേക്കാള്‍ ആഹ്ലാദകരമായ മറ്റെന്ത് ഓണാഘോഷമാണുള്ളത്!