
കേളകം: കാട്ടുപന്നിക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചതിനെത്തുടർന്ന് കർഷകൻ മരത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. കേളകം പഞ്ചായത്തിലെ ചെട്ടിയാംപറമ്പ് നരിക്കടവിലെ അറക്കൽ തോമസാണ് നഷ്ടപരിഹാരവും അടിയന്തര നടപടിയും ആവശ്യപ്പെട്ട് മരത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.
നരിക്കടവ് സ്വദേശിയിൽ നിന്ന് സ്ഥലം പാട്ടത്തിനെടുത്താണ് തോമസ് കപ്പ, ചേമ്പ്, കാച്ചിൽ എന്നിവ കൃഷി ചെയ്തിരുന്നത്. കൂടാതെ ഒന്നര ലക്ഷത്തോളം രൂപ കൃഷി ആവശ്യങ്ങൾക്കായി ലോണും എടുത്തിരുന്നു. 400ലധികം കപ്പ കൃഷി ഇറക്കിയതിൽ 200 ഓളവും കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. ചേമ്പ്, കാച്ചിൽ മുതലായവ പൂർണമായും നശിപ്പിച്ചു. ഇതിൽ മനം നൊന്താണ് തോമസ് രാവിലെ എട്ടുമണിയോടുകൂടി മരത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. നാട്ടുകാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇറങ്ങാൻ തയാറായില്ല. പഞ്ചായത്ത് ഭാരവാഹികളും പൊലീസ് ഉദ്യോഗസ്ഥരും വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി കർഷകനുമായി ചർച്ച നടത്തി. ബുധനാഴ്ച രാത്രിയിൽ തന്നെ സ്ഥലത്ത് ഷൂട്ടർമാരെ വരുത്തി കാട്ടുപന്നിക്കൂട്ടത്തെ വെടിവെക്കാമെന്നും ഉടൻ നഷ്ടപരിഹാരം നൽകാമെന്നും ഉറപ്പുനൽകിയതിനെത്തുടർന്നാണ് തോമസ് താഴെയിറങ്ങാൻ തയാറായത്.