
ദമ്മാം/തൃശൂർ : നാട്ടിൽ ചികിത്സയിൽ ആയിരിക്കെ മരണമടഞ്ഞ പ്രവാസിയുടെ കുടുംബത്തിന് നവയുഗം സാംസ്ക്കാരികവേദിയുടെ സഹായഹസ്തം. തൃശൂർ വടക്കാഞ്ചേരി ആറ്റത്തറ ചിറമ്മൽ വീട്ടിൽ ഷൈജു തോമസിന്റെ കുടുംബത്തിനാണ് നവയുഗം സഹായധനം നൽകിയത്.
നവയുഗം ഖോബാർ മേഖലാ കമ്മറ്റി അംഗവും, റാഖാ ഈസ്റ്റ് യൂണിറ്റ് മുൻ ജോയിൻ സെക്രട്ടറിയും ആയിരുന്ന ഷൈജു തോമസ് ക്യാൻസർ രോഗബാധിതനായാണ് മരണമടഞ്ഞത്. ദീർഘകാലം ദമ്മാം സാമിൽ കമ്പനിയിൽ ജോലിക്കാരനായിരുന്നു.
ഷൈജു തോമസിന്റെ ആറ്റത്തറ വസതിയിൽ വെച്ച്, സിപിഐ സംസ്ഥാന കൗൺസിൽ അംഗവും, മുൻ കൃഷി വകുപ്പ് മന്ത്രിയുമായ വി എസ് സുനിൽ കുമാർ, ഷൈജുവിന്റെ ഭാര്യ പ്രിൻസിയ്ക്ക് നവയുഗത്തിന്റെ കുടുംബ സഹായ ഫണ്ട് കൈമാറി.
സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ കെ.പി സന്ദീപ്, സിപിഐ കുന്നംകുളം മണ്ഡലം സെക്രട്ടറി പ്രേംനാഥ് ചൂണ്ടലത്ത്, സിപിഐ മണ്ഡലം കമ്മിറ്റി അംഗം ശങ്കരനാരായണൻ, എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അർജുൻ മുരളീധരൻ, മുൻ ജില്ലാ പഞ്ചായത്ത് അംഗം ബി.ജി.വിഷ്ണു, സിപിഐ എരുമപ്പെട്ടി ലോക്കൽ സെക്രട്ടറി ടി.കെ.മനോജ്, അസിസ്റ്റന്റ് സെക്രട്ടറി ഷക്കീർ, നവയുഗം സിറ്റി മേഖലാ ജോ.സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ജാബിർ മുഹമ്മദ്, നവയുഗം അൽഹസ മേഖലാ രക്ഷാധികാരി സുശീൽ കുമാർ, അൽഹസ മേഖല ജോയിൻ സെക്രട്ടറി വേലു രാജൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.