കാൻസർ ചികിത്സയ്ക്ക് കൈത്താങ്ങ്: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിൻ്റെ 120 കോടി രൂപയുടെ സുപ്രധാന പദ്ധതി; വയനാട്ടിൽ ആദ്യ റേഡിയേഷൻ സെന്റർ

കാൻസർ ചികിത്സയ്ക്ക് കൈത്താങ്ങ്: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിൻ്റെ 120 കോടി രൂപയുടെ സുപ്രധാന പദ്ധതി; വയനാട്ടിൽ ആദ്യ റേഡിയേഷൻ സെന്റർ
Updated on

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾക്കായി 120 കോടി രൂപയുടെ സുപ്രധാന പദ്ധതിയുമായി ഇന്ത്യയിലെ മുൻനിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 5 അത്യാധുനിക ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കും.

ഗുഡലൂർ, ഗുഡൽപേട്ട് തുടങ്ങിയ സമീപ പ്രദേശങ്ങൾ ഉൾപ്പെടെ വിശാല മലബാർ മേഖലയെ ലക്ഷ്യം വച്ചുകൊണ്ട് ആദ്യത്തെ കേന്ദ്രം വയനാട്ടിൽ സ്ഥാപിക്കുന്നത്. രണ്ടാമത്തെ സെന്റർ ബെംഗളൂരുവിൽ തുടങ്ങാനാണ് പദ്ധതി. അടുത്ത മൂന്നു വർഷം കൊണ്ട് റേഡിയേഷൻ സെന്ററുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ ആവശ്യകതയും ക്ലിനിക്കൽ സാധ്യതയും അടിസ്ഥാനമാക്കി പിന്നീട് പ്രഖ്യാപിക്കും.

ക്യാൻസർ ചികിത്സാചെലവുകൾ താങ്ങാൻ കഴിയാത്തവർക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ചികിത്സ മുടങ്ങിപ്പോയവർക്കും ഉന്നത നിലവാരമുള്ള റേഡിയേഷൻ തെറാപ്പി സൗജന്യമായും കുറഞ്ഞ നിരക്കിലും ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഇന്ത്യയിൽ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കുൾപ്പെടെ, നൂതന കാൻസർ ചികിത്സ എല്ലാവർക്കും ലഭ്യമാക്കുന്നതിനുള്ള ആസ്റ്ററിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭമെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. അത്യാധുനിക ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കുന്നതിലൂടെ, ചികിത്സാ രംഗത്തെ പ്രധാന വിടവുകൾ നികത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ജീവൻരക്ഷാ ഉപാധികൾ സമയബന്ധിതമായി രോഗികളുടെ അടുത്തെത്തിക്കാനും ഞങ്ങൾ ശ്രമിക്കുകയാണ്. അന്തസ്സോടും ആത്മവിശ്വാസത്തോടും പ്രതീക്ഷയോടും കൂടി കാൻസറിനെതിരെ പോരാടാനുള്ള അവസരം ആർക്കും നിഷേധിക്കപ്പെടരുത് എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ ദൗത്യം എന്നും ഡോ. ആസാദ് മൂപ്പൻ കൂട്ടിച്ചേർത്തു.

ലീനിയർ ആക്സിലറേറ്ററുകളും അനുബന്ധ സൗകര്യങ്ങളുമുൾപ്പെടെ പൂർണ്ണ സജ്ജീകരണങ്ങളോടുകൂടിയ ആധുനിക റേഡിയേഷൻ തെറാപ്പി സെന്ററുകളാണ് പദ്ധതിയുടെ ഭാഗമായി നിലവിൽ വരുന്നത്. ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവർക്കും കുറഞ്ഞ വരുമാനമുള്ള രോഗികൾക്കും ചികിത്സ പൂർണ്ണമായും സൗജന്യമായോ അല്ലെങ്കിൽ വളരെ കുറഞ്ഞ നിരക്കിലോ നൽകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ചികിത്സ നിർത്തിയ രോഗികൾക്ക് മുൻഗണന നൽകും. ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിന്റെ ആഗോള സി.എസ്.ആർ. വിഭാഗമായ 'ആസ്റ്റർ വോളന്റിയേഴ്‌സിന്റെ ഭാഗമായിരിക്കും ഈ സെന്ററുകൾ. സമൂഹത്തിന്റെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിലും സാമൂഹിക-സാമ്പത്തിക വികസനത്തിലും ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും.

ഇന്ത്യയിൽ കാൻസർ രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്നതും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പലപ്പോഴും രോഗികൾക്ക് ചികിത്സ പാതിവഴിയിൽ നിർത്തേണ്ടി വരുന്നതും കണക്കിലെടുക്കുമ്പോൾ ആസ്റ്റർ ഡി.എം. ഹെൽത്ത്കെയറിന്റെ ഈ സംരംഭം വളരെ പ്രധാനമാണെന്നാണ് വിലയിരുത്തൽ. സാമ്പത്തിക തടസ്സങ്ങൾ കാരണം കുറഞ്ഞ വരുമാനമുള്ളവർക്ക് അത്യാവശ്യമായ റേഡിയേഷൻ തെറാപ്പി ഒഴിവാക്കേണ്ടി വരുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഈ ശ്രമം.

Related Stories

No stories found.
Times Kerala
timeskerala.com