
ബിഗ് ബോസ് ഹൗസിലും പുറത്തും ചർച്ചയായ കൂട്ടുകെട്ടാണ് ഷാനവാസ്, ആദില, നൂറ എന്നിവർ. മറ്റ് മത്സരാർത്ഥികളൊക്കെ ഇവരുടെ കൂട്ടുകെട്ട് പലതവണ എടുത്തുപറഞ്ഞിരുന്നു. ഷാനവാസിനെ ചേട്ടച്ഛനെന്നും ആദിലയെയും നൂറയെയും പെങ്ങളൂട്ടികൾ എന്നുമാണ് മത്സരാർത്ഥികൾ വിളിച്ചിരുന്നത്. ഇപ്പോൾ ഇവർ തമ്മിൽ തെറ്റിപ്പിരിഞ്ഞുവെന്ന സൂചനയാണ് പുറത്തുവന്ന പ്രൊമോയിൽ.
“ഞാൻ മനസ്സിൽ കൊണ്ടുനടന്നിരുന്ന എൻ്റെ ഇമോഷൻസിനെ മുതലെടുത്ത ആൾക്കാരാണ് നിങ്ങൾ” എന്ന് ഷാനവാസ് പറയുന്നതാണ് പ്രൊമോയുടെ തുടക്കം. ഇതിന് മറുപടിയായി “ചെയ്യാത്ത കാര്യത്തിനാണ് ഇങ്ങനെ പറഞ്ഞത്” എന്ന് നൂറ മറുപടി നൽകുന്നു. തുടർന്ന് നൂറ ബീൻ ബാഗിൽ ചെന്നിരിക്കുന്നു. എന്നാൽ, ആദില വിടാൻ തയ്യാറല്ല. “വെയിറ്റ് ചെയ്യ് നീയൊക്കെ, നിനക്കൊക്കെ ഉള്ളത് വയറുനിറച്ച് ഞാൻ തരാടീ” എന്ന് ഷാനവാസ് പറയുമ്പോൾ, “എടീ പോടീന്ന് വിളിക്കരുതെന്ന് പറഞ്ഞിട്ടുണ്ട് നിങ്ങളോട്” എന്ന് ആദില മുന്നറിയിപ്പ് നൽകുന്നു. “മെയിൽ ഷോവനിസം ഇവിടെയല്ല, പുറത്ത്” എന്നും ആദില പറയുന്നു.
വീണ്ടും “കാണിച്ചുതരാം” എന്ന് ഷാനവാസ് പറയുമ്പോൾ “കാണിക്ക് കുറേ” എന്ന് ആദില തിരിച്ചടിയ്ക്കുന്നു. “നിൻ്റെയൊക്കെ മുഖം മാറാൻ തുടങ്ങിയപ്പോഴേ എനിക്ക് മനസ്സിലായി, നീയൊക്കെ ഏത് തരമാണെന്നുള്ളത്” എന്നാണ് ഷാനവാസ് ഇതിനോട് പ്രതികരിക്കുന്നത്. “എന്ത് തരം? എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്?” എന്ന് ആദില ചോദിക്കുന്നുണ്ടെങ്കിലും ഷാനവാസ് മറുപടി പറയുന്നില്ല. “ഞാൻ സംസാരിക്കുമ്പോൾ അതിൻ്റെ ഇടയിൽ കയറിവരാൻ നിങ്ങളാരാ? ഭരണം, പെണ്ണുങ്ങളാണെങ്കിൽ ഭരണം.”-എന്ന് ആദില പറയുന്നു.
തന്നെ തല്ലിയപ്പോൾ പോലും ഷാനവാസിനോട് ക്ഷമിച്ചയാളാണ് ആദില. ഇക്കാര്യം വാരാന്ത എപ്പിസോഡിൽ മോഹൻലാൽ ചോദിക്കുകയും ചെയ്തിരുന്നു. മറ്റാരെങ്കിലുമായിരുന്നെങ്കിൽ താൻ പ്രതികരിച്ചേനെ എന്നാണ് ആദില പറഞ്ഞത്. എന്നാൽ, ഈ വഴക്കോടെ മൂവരും തെറ്റിപ്പിരിയുകയാണെന്നാണ് സൂചന.