

തിരുവനന്തപുരം : പേരൂർക്കട , അടുപ്പുകൂട്ടാൻ പാറക്ക് സമീപം വർഷങ്ങളായി മാലിന്യവും മഴവെള്ളവും നിറഞ്ഞു കിടന്നിരുന്ന പാറക്കുളം വൃത്തിയാക്കുന്നതിനിടെ വൻ അപകടം. വർഷങ്ങളായി വെള്ളവും മാലിന്യവും കെട്ടിക്കിടന്ന പാറമട വൃത്തിയാക്കുന്നതിനായി കഴിഞ്ഞ ദിവസം ജങ്കാർ എത്തിക്കുകയും, ഇതിനു മുകളിലായി ഹിറ്റാച്ചി ഇറക്കി മാലിന്യം നീക്കം ചെയ്യാൻ ശ്രമിയ്ക്കുയും ചെയ്യുന്നതിനിടെ ജങ്കാർ മറിഞ്ഞാണ് അപകടമുണ്ടായത്. അതേസമയം, നീന്തൽ വശമില്ലാതിരുന്ന ഡ്രൈവർ ഭാഗ്യം കൊണ്ട് മാത്രമാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇദ്ദേഹത്തെ പിന്നീട് നാട്ടുകാർ ഇടപെട്ട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
നേരത്തെ അനധികൃത ഖനനത്തെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തഹസിൽദാർ സ്ഥലം സന്ദർശിക്കുകയും, തുടർന്ന് ഖനന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയുമായിരുന്നു. രണ്ടേക്കറോളം വിസ്തീർണത്തിലുള്ളതാണ് ഈ പാറമട. ഇതിനു നാല് ചുറ്റിനും വീടുകളുമാണ്. ഇവിടെ നിന്നും വലിച്ചെറിയുന്ന മാലിന്യങ്ങളാണ് പ്രധാനമായും ഇവിടെ കെട്ടിക്കിടക്കുന്നത്.
അപകടത്തിന് പിന്നാലെ ക്രെയിൻ എത്തിച്ച് ഹിറ്റാച്ചി പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ ഫയർ ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു. ഇവരെത്തിയാണ് ഒടുവിൽ ഹിറ്റാച്ചി പുറത്തെടുത്തത്.