കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി 20ക്കെതിരെ എൽഡിഎഫും യുഡിഎഫും ചേർന്ന് സംയുക്തമായാണ് മത്സരിച്ചതെന്നും ഇതിനു പിന്നിൽ 25 പാർട്ടികളുടെ സഖ്യമാണുള്ളതെന്നും സാബു എം. ജേക്കബ് ആരോപിച്ചു. ട്വന്റി 20യെ ഇല്ലാതാക്കുകയായിരുന്നു ഇരു മുന്നണികളുടെയും പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.( A coalition of 25 parties against Twenty20 tried to sabotage the elections, says Sabu M Jacob)
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ 'കണ്ണൂർ മോഡൽ' ശ്രമം നടന്നതായും സാബു എം. ജേക്കബ് ആരോപിച്ചു. ക്യാമറ നിരീക്ഷണം ഏർപ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ല എന്നും, ക്യാമറ കൈകാര്യം ചെയ്യേണ്ടവർക്കുള്ള പാസുകൾ ബോധപൂർവം ഒഴിവാക്കിയെന്നും, തിരഞ്ഞെടുപ്പ് ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും പോലീസിനെയും സ്വാധീനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
താൻ വോട്ട് രേഖപ്പെടുത്തിയ ബൂത്തിൽ ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമം നടന്നുവെന്നും സാബു എം. ജേക്കബ് ആരോപിച്ചു. വോട്ട് ചെയ്യുന്ന സമയത്ത് പോലും ബഹളം സൃഷ്ടിച്ചു. വോട്ട് ചെയ്ത് പുറത്തുവന്നപ്പോൾ ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കി. തന്നെ ആക്രമിക്കാൻ വേണ്ടിയാണ് മറ്റു ബൂത്തുകളിൽ നിന്നുപോലും ആളുകൾ സംഘടിച്ചെത്തിയത്. ആദ്യ പദ്ധതി പാളിയതോടെ, പാസുമായി എത്തിയ മാധ്യമപ്രവർത്തകരെ സിപിഎം-കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു. മാധ്യമപ്രവർത്തകർ ഇല്ലായിരുന്നെങ്കിൽ താൻ ആക്രമിക്കപ്പെടുമായിരുന്നു. പോലീസ് സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടു. തന്റെ ആക്രമണ ശ്രമം പരാജയപ്പെട്ടതോടെയാണ് സംഘം മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.