
കീഴ്പ്പള്ളി അത്തിക്കലില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനായി ആധുനിക സൗകര്യങ്ങളോടെ കെട്ടിടമൊരുങ്ങി. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11.4 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 1954 ല്‍ പ്രാഥമികാരോഗ്യകേന്ദ്രമായി പ്രവര്‍ത്തനമാരംഭിച്ച് പിന്നീട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയെങ്കിലും ഇവിടെ കിടത്തിചികിത്സ നടത്തിയിരുന്നില്ല. ദിവസേന നൂറുകണക്കിന് ആളുകള്‍ ചികിത്സയ്ക്കായി ആശ്രയിക്കുന്ന നിലവിലെ ഹെല്‍ത്ത് സെന്ററില്‍ വേണ്ടത്ര സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കണമെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് പുതിയ കെട്ടിടമൊരുങ്ങുന്നതോടെ സഫലമാകുന്നത്.
ഇരു നിലകളിലായി നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ആദ്യ നിലയില്‍ കാഷ്വാലിറ്റി, ഫാര്‍മസി, ലാബ്, ഇസിജി, ഒബ്‌സര്‍വേഷന്‍ വാര്‍ഡ് തുടങ്ങിയ സൗകര്യങ്ങളൊരുക്കും. ഒന്നാം നിലയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള പ്രത്യേക വാര്‍ഡുകള്‍, ഓഫീസ്, ഒ പി, ഇമ്യൂണൈസേഷന്‍ റൂം തുടങ്ങിയവയും സജ്ജമാക്കും. അവസാന ഘട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്.