
തിരുവനന്തപുരം: മുതലപ്പൊഴിയിൽ ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യൂ കാർ കത്തിനശിച്ചു. വർക്കല കണ്ണേമ്പ്ര സ്വദേശിയും ടെക്നോപാർക്ക് ജീവനക്കാരനുമായ കൃഷ്ണനുണ്ണി ഓടിച്ച കാറാണ് അഗ്നിക്കിരയായത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് തീപിടുത്തം ഉണ്ടായത്.
വൈകീട്ട് ജോലിക്ക് പോകുന്നവഴിക്കാണ് അപകടം ഉണ്ടായത്. മുതലപ്പൊഴി ഹാർബറിന് സമീപത്തെത്തിയപ്പോൾ കാറിന്റെ ബോണറ്റിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധിക്കപ്പെട്ട ഇയാൾ വണ്ടി റോഡരികിലേക്ക് ഒതുക്കി. കാറിൽ നിന്നിറങ്ങുമ്പോൾത്തന്നെ തീ ഉയർന്നിരുന്നു.
തുടർന്ന് പ്രദേശത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും കോസ്റ്റൽ ഗാർഡും പോലീസും ചേർന്ന് തീയണച്ചത്. കാറിന് 12 വർഷത്തെ കാലപ്പഴക്കമാണുണ്ടായിരുന്നതെന്ന് കൃഷ്ണനുണ്ണി പറഞ്ഞു. അതേസമയം തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.