കോഴിക്കോട്: പേരാമ്പ്ര ചക്കിട്ടപ്പാറയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടർന്ന് ബേക്കറി കത്തിനശിച്ചു. മീത്തലെ മഠത്തിൽ ജലീലിന്റെ ഉടമസ്ഥതയിലുള്ള ജെ ആർ ബേക്കറി ആൻഡ് കഫറ്റീരിയയിലാണ് ഇന്ന് രാവിലെ അപകടം നടന്നത്.(A bakery caught fire in Perambra, Kozhikode)
ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടർന്നത്. എന്നാൽ, സ്ഥാപനത്തിന് സമീപത്തായി പ്രവർത്തിക്കുന്ന ചക്കിട്ടപ്പാറ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലെ ജീവനക്കാർ ഉടൻ തന്നെ ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
ബേക്കറിയുടെ ഗ്യാസ് സ്റ്റൗ അടക്കമുള്ള അടുക്കള ഉപകരണങ്ങൾ കത്തിനശിച്ചു. കൂളർ, ഫ്രിഡ്ജ് എന്നിവയ്ക്കും കെട്ടിടത്തിൻ്റെ വയറിങ് സിസ്റ്റത്തിനും ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
വിവരമറിഞ്ഞ് പേരാമ്പ്രയിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി.കെ. ഭരതൻ്റെയും സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ.ടി. റഫീക്കിൻ്റെയും നേതൃത്വത്തിൽ അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.