മുഖത്തും ശരീരത്തും മുറിവുകൾ, കൈകൾ കെട്ടി, കണ്ണുകൾ മൂടി: പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ദൃശ്യങ്ങൾ പുറത്ത് | Kidnapping

വീട്ടുകാരോട് 70 കോടി രൂപ ആവശ്യപ്പെടാൻ നിർബന്ധിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
മുഖത്തും ശരീരത്തും മുറിവുകൾ, കൈകൾ കെട്ടി, കണ്ണുകൾ മൂടി: പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ദൃശ്യങ്ങൾ പുറത്ത് | Kidnapping
Updated on

പാലക്കാട്: തൃത്താല തിരുമിറ്റക്കോട് പ്രവാസി വ്യവസായി മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയി വീട്ടുതടങ്കലിൽ പാർപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്. വണ്ടൂർ സ്വദേശിയായ മുഹമ്മദാലിയെ കണ്ണും കൈയും കെട്ടിയിട്ട് മർദ്ദിക്കുന്നതിന്റെയും, വീട്ടുകാരോട് 70 കോടി രൂപ ആവശ്യപ്പെടാൻ നിർബന്ധിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.(9 more people to be arrested in the kidnapping of an expatriate businessman)

പിടിയിലായ പ്രതി ഫൈസലിന്റെ കോതക്കുറിശിയിലെ വീട്ടിൽ വെച്ചാണ് മുഹമ്മദാലിയെ ക്രൂരമായി മർദ്ദിച്ചത്. പുറത്തുവന്ന ദൃശ്യങ്ങളിൽ മുഹമ്മദാലിയുടെ കൈകൾ കെട്ടിയിട്ട നിലയിലാണ്. മുഖത്തും ശരീരത്തിലും മുറിവേറ്റ് രക്തത്തിൽ കുളിച്ച നിലയിലുള്ള ഇദ്ദേഹത്തെക്കൊണ്ട്, ബന്ധുക്കളെ ഫോണിൽ വിളിച്ച് 70 കോടി രൂപ ആവശ്യപ്പെടാൻ അക്രമിസംഘം ഭീഷണിപ്പെടുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

സംഭവവുമായി ബന്ധപ്പെട്ട് എട്ട് പ്രതികളെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അഭിജിത്ത്, സുധീഷ്, നജീബുദ്ദീൻ, ഷിഫാസ് എന്നിവരും, ഫൈസൽ, മുസ്തഫ, ഷമീർ, ഷാനു എന്നിവരുമാണിത്. എന്നാൽ, കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറംഗ ക്വട്ടേഷൻ സംഘം ഉൾപ്പെടെ ഒൻപത് പേർ കൂടി പിടിയിലാകാനുണ്ട്. ഇവരെ പിടികൂടിയാൽ മാത്രമേ തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ഉന്നതബന്ധം പുറത്തുകൊണ്ടുവരാൻ സാധിക്കൂ എന്ന് പോലീസ് കരുതുന്നു. അതേസമയം, റിമാൻഡിലുള്ള പ്രതികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വിട്ടുനൽകാൻ കോടതി ഇതുവരെ അനുമതി നൽകാത്തത് അന്വേഷണസംഘത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ഡിസംബർ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വന്തം കാറിൽ വണ്ടൂരിൽ നിന്നും കൊച്ചി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന മുഹമ്മദാലിയെ, കാർ തടഞ്ഞുനിർത്തി തോക്കുചൂണ്ടി അക്രമിസംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്ന ഇദ്ദേഹം, പുലർച്ചെ അക്രമികൾ ഉറങ്ങിയ സമയം അതിസാഹസികമായാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദാലി ഒരാഴ്ച മുമ്പ് ചാർട്ടേഡ് വിമാനത്തിൽ സൗദി അറേബ്യയിലെ കുടുംബത്തിനടുത്തേക്ക് മടങ്ങി.

Related Stories

No stories found.
Times Kerala
timeskerala.com