കൊച്ചി: രാജ്യത്തെ പ്രമുഖ ബോട്ടിംഗ്, മറൈന്‍, വാട്ടര്‍സ്പോര്‍ട്സ് വ്യവസായങ്ങളുടെ പ്രദര്‍ശനമായി വളര്‍ന്ന ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐബിഎംഎസ്) എ്ട്ടാമത് പതിപ്പ് കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ ജനുവരി 29 മുതല്‍ 31 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. (Marine Show)
ബോട്ടിംഗ്, മറൈന്‍, വാട്ടര്‍സ്പോര്‍ട്സ് വ്യവസായങ്ങള്‍ വലിയ മാറ്റങ്ങള്‍ക്കും നൂതന ഉല്‍പ്പന്നങ്ങള്‍ക്കും സാക്ഷ്യം വഹിക്കുകയും വന്‍വളര്‍ച്ച കാഴ്ചവെയ്ക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ ഐബിഎംസിന്റെ എട്ടാമത് പതിപ്പിന് വര്‍ധിച്ച പ്രസക്തിയുണ്ടെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു. ബോട്ട് നിര്‍മാണം വികേന്ദ്രീകൃതവും ക്ഷയിക്കാത്തും നൂതന കണ്ടുപിടുത്തങ്ങള്‍ എപ്പോഴും സംഭവിക്കുന്നതുമായ വ്യവസായമാണ്. ഈ നൂതനത്വങ്ങളേയും വെല്ലുവിളികളേയും ആശയങ്ങളേയും നിര്‍മാണക്കമ്പനികളേയും ഒരുമിച്ചു കൊണ്ടുവരികയാണ് ഐബിഎഎസ് ചെയ്തുവരുന്നത്. ഇവിടെ വരുന്ന ഓരോ ബിസിനസ് സന്ദര്‍ശകനും പുതുതായ എന്തെങ്കിലും ആശയമോ പ്രചോദനമോ ആയാണ് തിരിച്ചു പോകുന്നത്. വരും വര്‍ഷത്തെ നിര്‍ണയിക്കാന്‍ പോകുന്ന ഒട്ടേറെ നൂതന സാങ്കേതികവിദ്യകള്‍ക്കും സാങ്കേതിക വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ക്കും ഈ മേള വേദിയാകും,' അദ്ദേഹം പറഞ്ഞു.
നാഷനല്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ കേന്ദ്ര് സര്‍ക്കാരിനു കീഴിലെ എംഎസ്എംഇ വകുപ്പ്, സൗത്ത് ഇന്ത്യാ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (സിക്കി) എന്നീ സ്ഥാപനങ്ങളും മേളയുടെ സഹസംഘാടകരായുണ്ടെന്നും ജോസഫ് കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.
ഇന്‍ലാന്‍ഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ലീഷര്‍/റെസ്‌ക്യൂ ബോട്ടിംഗ്, വാട്ടര്‍സ്‌പോര്‍ട്‌സ് ടൂറിസം മേഖലകള്‍ക്കായി നടക്കുന്ന രാജ്യത്തെ ഏക ട്രേഡ്‌ഷോയാണിതെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ പുതിയ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടേയും ലോഞ്ചിംഗുകള്‍ക്കും മേള സാക്ഷ്യം വഹിക്കും. അങ്ങനെ ഈ മേഖലയുടെ ഗതി തന്നെ മാറ്റുന്നതാകും ഈ വര്‍ഷത്തെ ഐബിഎംഎസ്. ഷിപ്പ് റിപ്പയര്‍, ഷിപ്പ് ബില്‍ഡിംഗ് അനുബന്ധ വ്യവസായങ്ങളുടെ ഒരു ഹബ്ബായി മാറിയിരിക്കയാണ് കൊച്ചി. കൊച്ചി ഷിപ്പ് യാര്‍ഡ് കേന്ദ്രീകരിച്ച് പുതിയ പദ്ധതികള്‍ കമ്മീഷന്‍ ചെയ്യപ്പെടുന്നു. അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കു മാത്രമല്ല എംഎസ്എംഇ മേഖലയ്ക്ക് പിന്തുണയേകാനും ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഈ പദ്ധതികള്‍ക്ക സാധിക്കും.
ഇതു കണക്കിലെടുത്ത് റിക്രിയേഷനല്‍, ലീഷര്‍ ബോട്ടിംഗ് വിപണിയില്‍ നിന്നുള്ള സ്പീഡ്ബോട്ടുകള്‍, മറൈന്‍ എന്‍ജിനുകള്‍, കയാക്‌സ്, സ്റ്റീയറിംഗ്, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, മറ്റ് സേവനദാതാക്കള്‍ തുടങ്ങി ഈ രംഗത്തെ മുഴുവന്‍ വ്യവസായ മേഖലകളില്‍ നിന്നുമുള്ളവര്‍ ഐബിഎംസിന്റെ എട്ടാമത് പതിപ്പില്‍ പങ്കെടുക്കും. ബോട്ടുകള്‍, മറൈന്‍ ഉപകരണങ്ങള്‍ എന്നിവയ്ക്കുപരി എല്ലാത്തരത്തിലുമുള്ള ജലവിനോദങ്ങളും മേളയില്‍ അണിനിരക്കും. '65ലേറെ സ്ഥാപനങ്ങള്‍ അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും. മാലി, മിഡ്ല്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ആഗോള ട്രേഡ് ബയേഴ്‌സുള്‍പ്പെടെ 4000ത്തിലേറെ ബിസിനസ് സന്ദര്‍ശകരേയും പ്രതീക്ഷിക്കുന്നു,' ജോസഫ് കുര്യാക്കോസ് പറഞ്ഞു. ഫ്‌ളൂവിയല്‍, ഇന്‍ലാന്‍ഡ് ജലഗതാഗതം, റീക്രിയേഷനല്‍ ബോട്ടിംഗ് എന്നീ മേഖലകളില്‍ അഭൂതപൂര്‍വമായ വികസനത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരമൊരു ഷോയ്ക്ക് ഇതിനേക്കാള്‍ മെച്ചപ്പെട്ട അവസരം ഇതുവരെ ഉണ്ടായിട്ടില്ല.
സംസ്ഥാന വ്യവസായ വകുപ്പ്, കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള എന്‍എസ്ഐസി, കൊച്ചി വാട്ടര്‍ മെട്രോ, കേരളാ ടൂറിസം, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, സതേണ്‍ നേവല്‍ കമാന്‍ഡ്, കേരളാ മാരിടൈം ബോര്‍ഡ്, ഡയറക്ടറേറ്റ് ഓഫ് നേവല്‍ ആര്‍ക്കിടെക്ചര്‍, സംസ്ഥാന ഫിഷറീസ് വകുപ്പ് എന്നീ സ്ഥാപനങ്ങളുടെ അംഗീകാരവും പിന്തുണയും മേളയ്ക്കുണ്ട്. ഇതിനു പുറമെ ബോട്ട് യാര്‍ഡുകള്‍, ഉപകരണ നിര്‍മാതാക്കള്‍ തുടങ്ങി കേരളത്തില്‍ നിന്നുള്ള എസ്എംഇകളുടെ പ്രത്യേക ഇന്‍ഡസ്ട്രി പവലിയനും ഐബിഎംസിന്റെ ഭാഗമാകും.
മേളയുടെ രണ്ടാം ദിവസമായ ജനുവരി 30ന് വിവിധ പ്രതിരോധ വകുപ്പ് സ്ഥാപനങ്ങള്‍, ഷിപ്പ് യാര്‍ഡുകള്‍, തുറമുഖങ്ങള്‍ എന്നിവയ്ക്കായുള്ള വെണ്ടര്‍ ഡെവലപ്മെന്റെ പ്രോഗ്രാം (വിഡിപി) എന്‍എസ്ഐസി സംഘടിപ്പിക്കും. ഈ മേഖലയില്‍ നിന്നുള്ള കൂടുതല്‍ എംസ്എംഇകളെ വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങളും സേവങ്ങളും നല്‍കാന്‍ പ്രാപ്തമാക്കുന്നതിന് ലക്ഷ്യമിട്ടാണ് വിഡിപിയുടെ സംഘാടനം. ഡയറക്ടറേറ്റ് ഓഫ് നേവല്‍ ആര്‍ക്കിടെക്ചര്‍, കൊച്ചി വാട്ടര്‍ മെട്രോ, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഐഡബ്ല്യുഎഐ, കേരള കോസ്റ്റല്‍ പോലീസ്, കേരളാ മാരിടൈം ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ എംഎസ്എംഇ മേഖലയില്‍ നിന്നുള്ള അവരുടെ പര്‍ച്ചേസ് ആവശ്യങ്ങള്‍ ഈ പ്രോഗ്രാമില്‍ വിശദീകരിക്കും.
കൊച്ചി കേന്ദ്രീകരിച്ച് ജലവിനോദങ്ങള്‍ക്ക് വന്‍സാധ്യതകളാണ് വിദഗ്ധര്‍ കല്‍പ്പിക്കുന്നത്. കെഎംആര്‍എലിന്റെ വാട്ടര്‍ മെട്രോ ഉപയോഗിച്ചവരുടെ എണ്ണം 50 ലക്ഷം കവിഞ്ഞതും ശ്രദ്ധേയമാണ്. ഇതേത്തുടര്‍ന്ന് രാജ്യത്തിന്റെ മൊത്തത്തിലുള്ള ഉള്‍നാടന്‍ ബോട്ടിംഗ്, മറൈന്‍ മേഖലകള്‍ ആഗോള നിലവാരത്തില്‍ വികസിപ്പിക്കെടാനുള്ള സാധ്യതകളും തുറക്കുകയാണ്. സ്വായശ്രത്വത്തിന്റെ മുദ്രാവാക്യവുമായെത്തിയ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ കീഴില്‍ ഈ മേഖലയില്‍ നടക്കുന്ന സംയുക്ത പരിശ്രമങ്ങള്‍ക്കും മേള പ്രോത്സാഹനമാകും.
മികച്ച ഉപകരണങ്ങളും സൗകര്യങ്ങളുമുള്ള മറീനകള്‍, ജലവിനോദങ്ങള്‍, വിവിധ തരത്തില്‍പ്പെട്ട വാട്ടര്‍ സ്പോര്‍ട്സ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണ സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. മികച്ച അടിസ്ഥാന സൗകര്യങ്ങളും ഉപകരണ ലഭ്യതയുമുണ്ടെങ്കില്‍ ഇന്ത്യയ്ക്ക് ആഗോള വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം ക്രൂയ്സിംഗ്, ഉള്‍നാടന്‍ സ്പോര്‍ട്സ് തുടങ്ങിയവയുടെ ആദ്യലക്ഷ്യസ്ഥാനമാകും.
ലീഷര്‍, റെസ്‌ക്യു ബോട്ടിംഗ്, വാട്ടര്‍ സ്പോര്‍ടസ് ടൂറിസം, കയാക്ക്സ് തുടങ്ങിയവയ്ക്കുള്ള രാജ്യത്തെ ഏക ട്രേഡ് ഷോയാണ് ഐബിഎംഎസെന്നും സംഘാടകര്‍ പറഞ്ഞു. പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ ഒട്ടേറെ പുതിയ ഉല്‍പ്പന്നങ്ങള്‍ മേളയില്‍ അവതരിപ്പിക്കാനിരിക്കെ ഈ മേഖലയ്ക്ക് വന്‍കുതിപ്പേകാനും മേള വഴി തുറക്കുമെന്നും അവര്‍ പറഞ്ഞു.
മഹാരാഷ്ട്ര, എംപി, തെലങ്കാന, ലക്ഷദ്വീപ്, തമിഴ് നാട്, ടൂറിസം തുടങ്ങി രാജ്യത്തെ പ്രമുഖ ടൂറിസം ബോര്‍ഡുകള്‍ മേളയ്ക്ക് പ്രതിനിധികളെ അയക്കും. ഇവയ്ക്കു പുറമെ മാലി, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരും മേളയ്ക്കെത്താന്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. വിവിധ വാട്ടര്‍ സ്പോര്‍ട്സ്, ലീഷര്‍ ബോട്ട് ഉപകരണ നിര്‍മാതാക്കള്‍, സേവനദാതാക്കള്‍ എന്നിവരെ തെരഞ്ഞെടുക്കാനാണ് ഇവരുടെ വരവ്.
ഐബിഎംസിന്റെ ഏഴ് പതിപ്പുകള്‍ വിജയകരമായി നടത്തിയ കൊച്ചി ആസ്ഥാനമായ ക്രൂസ് എക്സോപോസാണ് മേളയുടെ സംഘാടകര്‍. ബംഗ്ലാദേശ്, ശ്രീലങ്ക, മാലി എന്നിവിടങ്ങളില്‍ കഴിഞ്ഞ ആറു വര്‍ഷമായി നടക്കുന്ന ഇന്റര്‍നാഷനല്‍ ബോട്ട് ഷോകളില്‍ ഇന്ത്യന്‍ പവലിയന്റെ സംഘാടകരുമാണ് കമ്പനി. കഴിഞ്ഞ 18 വര്‍ഷത്തിനിടെ ദക്ഷിണേന്ത്യയിലെ പ്രമുഖ ബി2ബി പ്രദര്‍ശന സംഘാടന സ്ഥാപനമായി വളരാനും ക്രൂസ് എക്സ്പോസിനു കഴിഞ്ഞിട്ടുണ്ട്.
ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ്, എന്‍എസ്ഐസി കേരളാ ഹെഡ് കൊച്ചി ഗ്രേസ് റെജി, ഡയറക്ടറേറ്റ് ഓഫ് ജനറല്‍ ഷിപ്പിംഗ് ഡെപ്യൂട്ടി ചീഫ് സര്‍വേയര്‍ (റിട്ട.) പ്രൊഫ. ഡോ. കെ എ സൈമണ്‍, സിക്കി കേരളാ ചാപ്റ്റര്‍ ചാര്‍ട്ടര്‍ മെമ്പര്‍ രാജേഷ് നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.