77-ാമത് റിപ്പബ്ലിക് ദിനം: സംസ്ഥാന തല ആഘോഷത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ പതാക ഉയർത്തി, സർക്കാർ അച്ചടിച്ച പ്രസംഗം വായിച്ചില്ല, 'കേന്ദ്രവും സംസ്ഥാനവും ശത്രുക്കളല്ലെ'ന്ന് ആഹ്വാനം, വിവിധ ജില്ലകളിൽ ചടങ്ങുകൾ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞു വീണു | 77th Republic Day

കേരളത്തിൽ പ്രൗഢഗംഭീരമായ ചടങ്ങുകൾ
77-ാമത് റിപ്പബ്ലിക് ദിനം: സംസ്ഥാന തല ആഘോഷത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ പതാക ഉയർത്തി, സർക്കാർ അച്ചടിച്ച പ്രസംഗം വായിച്ചില്ല, 'കേന്ദ്രവും സംസ്ഥാനവും ശത്രുക്കളല്ലെ'ന്ന് ആഹ്വാനം, വിവിധ ജില്ലകളിൽ ചടങ്ങുകൾ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞു വീണു | 77th Republic Day
Updated on

തിരുവനന്തപുരം: രാജ്യം ഇന്ന് 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല ആഘോഷ ചടങ്ങുകളിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു.(77th Republic Day of India, Governor hoists the flag at the Central Stadium at the state-level celebration)

രാവിലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരേഡ് ഗവർണർ പരിശോധിച്ചു. വ്യോമസേനയിലെ വികാസ് വസിഷ്ഠ് പരേഡിന് നേതൃത്വം നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, വിവിധ എം.എൽ.എമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ നടന്ന ആഘോഷങ്ങൾക്ക് മന്ത്രിമാർ നേതൃത്വം നൽകി. ഇത്തവണത്തെ പരേഡിൽ ആദ്യമായി എൻ.എസ്.എസ് വളണ്ടിയർമാർ അണിനിരന്നത് കേരളത്തിലെ ചടങ്ങുകളുടെ പ്രത്യേകതയായി.

റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കണ്ണൂർ പോലീസ് മൈതാനിയിൽ നടന്ന ചടങ്ങിൽ പ്രസംഗം പൂർത്തിയാക്കിയ ഉടൻ മന്ത്രി കുഴഞ്ഞുവീഴുകയായിരുന്നു. വേദിയിലുണ്ടായിരുന്ന കണ്ണൂർ ജില്ലാ കളക്ടറും പോലീസ് കമ്മീഷണറും ചേർന്നാണ് മന്ത്രിയെ താങ്ങിയത്. അൽപ്പസമയം അബോധാവസ്ഥയിലായ മന്ത്രിയെ ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. അല്പസമയത്തിന് ശേഷം ബോധം തിരിച്ചുകിട്ടിയ മന്ത്രി സ്വയം നടന്നാണ് ആംബുലൻസിലേക്ക് കയറിയത് എന്നത് ആശ്വാസകരമായി. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നാണ് വിവരം.

രാജ്യത്തിന്റെ പുരോഗതിക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യോജിച്ച് പ്രവർത്തിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. 77-ാമത് റിപ്പബ്ലിക് ദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രവും സംസ്ഥാനവും തമ്മിൽ വിയോജിപ്പുകളുണ്ടാകാമെങ്കിലും അവ ശത്രുതയാകരുത്. സൗഹൃദപരമായ സഹകരണത്തിലൂടെ മാത്രമേ വികസനം സാധ്യമാകൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ കേരളം രാജ്യത്ത് ഒന്നാമതാണെന്ന് ഗവർണർ പ്രശംസിച്ചു. ഈ നേട്ടങ്ങൾ നിലനിർത്താൻ കൂടുതൽ ഐക്യത്തോടെയുള്ള പ്രവർത്തനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തവണ കേരളത്തിൽ നിന്ന് പത്മ പുരസ്കാരത്തിന് അർഹരായവരെ ഗവർണർ പേരെടുത്ത് അഭിനന്ദിച്ചു.

വി.എസിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകിയ കേന്ദ്ര സർക്കാർ നടപടിയിൽ അദ്ദേഹം നന്ദി അറിയിച്ചു. രാഷ്ട്രീയ-സാമൂഹിക രംഗത്ത് സമാനതകളില്ലാത്ത പാരമ്പര്യം തീർത്ത നേതാവാണ് വി.എസ് എന്ന് ഗവർണർ വിശേഷിപ്പിച്ചു.

എന്നാൽ, ചടങ്ങിൽ വിതരണം ചെയ്ത സർക്കാർ തയ്യാറാക്കിയ അച്ചടിച്ച പ്രസംഗം വായിക്കാൻ അദ്ദേഹം തയ്യാറായില്ല. രാജ്ഭവനുമായി ആലോചിച്ച് സർക്കാർ തയ്യാറാക്കുന്ന പ്രസംഗം വായിക്കാതെ വിട്ടത് സർക്കാരിനോടുള്ള അതൃപ്തിയുടെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

അടുത്തിടെ നിയമസഭയിൽ നടന്ന നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട തർക്കം കൂടുതൽ രൂക്ഷമാകുകയാണ്. നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും പൂർണ്ണരൂപവും ആവശ്യപ്പെട്ട് രാജ്ഭവൻ നിയമസഭാ സ്പീക്കർക്ക് കത്ത് നൽകി. ഗവർണർ ചില ഭാഗങ്ങൾ വായിക്കാതെ വിട്ടതിനെ മുഖ്യമന്ത്രി സഭയിൽ പരസ്യമായി വിമർശിച്ചിരുന്നു. ഇത് ഗവർണറെ ചൊടിപ്പിച്ചിട്ടുണ്ട്.

രാജ്യതലസ്ഥാനത്തെ കർത്തവ്യപഥിൽ ഭാരതത്തിന്റെ സൈനിക കരുത്തും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്ന പരേഡ് നടക്കുകയാണ്. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വൊൻ ദെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരാണ് ഇത്തവണത്തെ വിശിഷ്ടാതിഥികൾ.

പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചതോടെ ഡൽഹിയിലെ ചടങ്ങുകൾക്ക് തുടക്കമായി. പരേഡിൽ അണിനിരക്കുന്ന 30 നിശ്ചലദൃശ്യങ്ങളിൽ കേരളത്തിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. സംസ്ഥാനം കൈവരിച്ച നൂറു ശതമാനം ഡിജിറ്റൽ സാക്ഷരതാ നേട്ടവും കൊച്ചി വാട്ടർ മെട്രോയുമാണ് കേരളത്തിന്റെ നിശ്ചലദൃശ്യത്തിലെ പ്രമേയങ്ങൾ. ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ അതീവ ജാഗ്രതയും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com