

പ്രാദേശിക സമൂഹത്തെക്കൂടി ടൂറിസം വികസനത്തിന്റെ ഭാഗമാക്കുന്നതിനായി ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്‍ പദ്ധതിയുടെ വിപുലീകരണത്തിനായി 6.64 കോടി രൂപയുടെ ഭരണാനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനും തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടാണ് സർക്കാർ 6,64,99,621 രൂപ വകയിരുത്തിയിട്ടുള്ളത്.
ശാസ്ത്രീയവും സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ തരത്തില്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. കൈത്തൊഴിലുകള്‍, കലകള്‍, കരകൗശല വിദ്യ, നാടന്‍ പാചകം തുടങ്ങിയവയുമായി കോര്‍ത്തിണക്കി പ്രാദേശിക ജനവിഭാഗത്തെ ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുകയും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമാകും.