
കൊച്ചി: ഇന്ദുചൂഡന്‍ ഫൗണ്ടേഷന്‍ തുടക്കമിടുന്ന വാര്‍ഷിക പക്ഷി ഫോട്ടോ പ്രദര്‍ശനത്തിന്റെ ആദ്യപതിപ്പിന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററില്‍ ആരംഭിച്ചു. ചിത്രകാരനും ക്യൂറേറ്ററുമായ ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങില്‍ വി കെ ശ്രീരാമന്‍, സജിത മഠത്തില്‍ കെ. എന്‍ ഷാജി, പക്ഷി ഫോട്ടോഗ്രാഫര്‍മാരായ സണ്ണി ജോസഫ് ഡിജുമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മമ്മൂട്ടിയുടെ ക്യാമറ ഒപ്പിയെടുത്ത ചോരക്കോഴി (Oriental Darter), ലോകപ്രശസ്ത ഛായാഗ്രാഹകയായ ഡോ. ജെയ്‌നി കുര്യാക്കാസിന്റെ തീക്കാക്ക (മലബാര്‍ ട്രോഗണ്‍) എന്നിവയുള്‍പ്പെടെ 31 ഛായാഗ്രഹകര്‍ എടുത്ത 52 പക്ഷിച്ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്.. പതിവു രീതിയില്‍ നിന്നു മാറി കാന്‍വാസില്‍ പ്രിന്റു ചെയ്ത് പുതിയ കെട്ടിലും മട്ടിലുമാണ് ഇത്തവണത്തെ പ്രദര്‍ശനം തയ്യാറാക്കിയിരിക്കുന്നത്. പശ്ചാത്തലത്തില്‍ വിവിധ കിളിയൊച്ചകളുടെ ഓഡിയോയും പ്രദര്‍ശനത്തിന് അകമ്പടിയുണ്ട്.. കേരളത്തില്‍ പൊതുവില്‍ കണ്ടുവരുന്ന പക്ഷികളുടെ ചിത്രങ്ങളുടെ പ്രദര്‍ശനം അവയെക്കുറിച്ച് ഇന്ദുചൂഡന്‍ തന്റെ 'കേരളത്തിലെ പക്ഷികള്‍' എന്ന പുസ്തകത്തിലെ കുറിപ്പുകളോടൊപ്പമാണ്. ഈ പ്രദര്‍ശനത്തിലെ ചിത്രങ്ങളെല്ലാം തന്നെ വില്‍പ്പനയ്ക്ക് ലഭ്യമായിരിക്കും.
പ്രസിദ്ധ പക്ഷിനിരീക്ഷകനും ഗ്രന്ഥകര്‍ത്താവുമായ ഇന്ദുചൂഡന്റെ (പ്രൊഫ. കെ. കെ. നീലകണ്ഠന്‍) ജീവിതസന്ദേശവും ചുറ്റുമുള്ള ജീവജാലങ്ങളോടുള്ള കരുണയും സ്‌നേഹവും മലയാളഭാഷയോടുള്ള പ്രതിപത്തിയും ഉണര്‍ത്തിയെടുക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് സക്കറിയ ചെയര്‍മാനായി ഇന്ദുചൂഡന്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷം മുമ്പ് രൂപം കൊണ്ട ഇന്ദുചൂഡന്‍ ഫൗണ്ടേഷന്‍ ഇതുവരെ എറണാകുളം ദര്‍ബാര്‍ ഹാളില്‍ തുടങ്ങി തൃശൂര്‍, കോഴിക്കോട്, പാലക്കാട്, കല്പറ്റ, മണ്ണുത്തി, കുന്നംകുളം, ആലുവ, ആലത്തൂര്‍, ഇരിങ്ങാലക്കുട പ്രദര്‍ശനങ്ങളും പ്രഭാഷണങ്ങളും മറ്റനുബന്ധ പരിപാടികളും നടത്തിക്കഴിഞ്ഞു. വിവരങ്ങള്‍ക്ക് എം രാമചന്ദ്രന്‍ +91 94540 64040