കോഴിക്കോട്: മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് നഗരത്തിന്‍റെ ഒരു ഭാഗത്ത് കുടിവെള്ള വിതരണം പൂർണ്ണമായി മുടങ്ങും. പൈപ്പ് പൊട്ടിയ സാഹചര്യത്തിൽ മലാപ്പറമ്പിലെ ഔട്ട്ലെറ്റ് വാൽവ് പൂട്ടിയതിനെത്തുടർന്ന് ഇന്നും നാളെയും നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെടും.(50-year-old pipe burst in Kozhikode, A major crisis in the city)
മലാപ്പറമ്പ് ഫ്ലോറിക്കൻ റോഡിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. 50 വർഷം പഴക്കമുള്ള പൈപ്പാണ് പൊട്ടിയത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിൽ വൻ ഗർത്തം രൂപപ്പെടുകയും, നിരവധി വീടുകളിൽ വെള്ളവും ചളിയും കയറുകയും ചെയ്തു. ഇതേത്തുടർന്ന് റോഡ് അടച്ചിട്ടിരിക്കുകയാണ്. പൈപ്പിന്റെ കാലപ്പഴക്കമാണ് പൊട്ടാൻ കാരണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
കഴിവതും വേഗത്തിൽ പൈപ്പ് പൊട്ടിയ പ്രശ്നം പരിഹരിക്കുമെന്നും ജലവിതരണം പുനഃസ്ഥാപിക്കുമെന്നും വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. വീടുകളിൽ കയറിയ ചളിയും മാലിന്യങ്ങളും വാട്ടർ അതോറിറ്റി നീക്കം ചെയ്യും. റോഡ് ഉടൻ തന്നെ നന്നാക്കുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.