

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുവാക്കൾക്കും സ്ത്രീകൾക്കും 50 ശതമാനം സീറ്റുകൾ നൽകിക്കൊണ്ട് വലിയൊരു തലമുറമാറ്റത്തിനാണ് പാർട്ടി ഒരുങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.(50 percent seats for youth and women, VD Satheesan says there will be a generational change in the candidate list for the assembly elections)
കോൺഗ്രസിനുള്ളിലെ കരുത്തരായ രണ്ടാംനിര, മൂന്നാംനിര നേതാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരും. ഇതിനായി പകുതി സീറ്റുകൾ യുവാക്കൾക്കും സ്ത്രീകൾക്കുമായി മാറ്റിവെക്കും. തുടർച്ചയായി പരാജയപ്പെട്ടവർ സമ്മർദ്ദതന്ത്രങ്ങളിലൂടെ വീണ്ടും സീറ്റ് നേടുന്നത് മുൻകാലങ്ങളിൽ തിരിച്ചടിയായിട്ടുണ്ട്. ഇത്തവണ അത്തരം വിട്ടുവീഴ്ചകൾ ഉണ്ടാകില്ല.
പാർട്ടി സ്ഥാനങ്ങളിൽ 50 ശതമാനം പ്രാതിനിധ്യം യുവാക്കൾക്കും സ്ത്രീകൾക്കും നൽകണമെന്ന ഉദയ്പൂർ പഠനശിബിരത്തിലെ തീരുമാനം കേരളത്തിൽ നടപ്പിലാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. സിപിഎമ്മിൽ നിന്ന് വ്യത്യസ്തമായി വളരെ മികച്ച യുവനേതൃത്വം കോൺഗ്രസിനുണ്ടെന്നും ഈ മാറ്റം സുഗമമായി നടക്കുമെന്നും സതീശൻ അവകാശപ്പെട്ടു.