മലപ്പുറം: രാജ്യവ്യാപകമായി 50 കോടി രൂപയുടെ സൈബർ തട്ടിപ്പ് നടത്തിയ കേസിൽ 'ഡിജിറ്റൽ അറസ്റ്റ്' സംഘത്തിലെ രണ്ട് മലയാളികൾ അറസ്റ്റിലായി. മലപ്പുറം സ്വദേശികളാണ് തട്ടിപ്പിന് പിന്നിലെ പ്രധാന കണ്ണികളായി പ്രവർത്തിച്ചിരുന്നത്.(50 crore cyber fraud, 2 Malayali masterminds among 'Digital Arrest' fraud gang arrested)
മുഹമ്മദ് ബുർഹാരി എന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ. മുഹമ്മദ് സാദിഖ് മലപ്പുറം ചെമ്പ്രശ്ശേരി സ്വദേശിയാണ്. തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന വ്യാജ ബാങ്ക് അക്കൗണ്ടുകൾ സംഘത്തിന് സംഘടിപ്പിച്ചു നൽകിയത് അറസ്റ്റിലായ മലയാളികളാണ്.
മാത്രമല്ല, തട്ടിപ്പിലൂടെ അക്കൗണ്ടുകളിലേക്ക് എത്തുന്ന പണം ഡോളറാക്കി വിദേശത്തേക്ക് മാറ്റുന്നതും ഇവരാണ്. ഈ സംഘത്തെ നിയന്ത്രിച്ചിരുന്നത് വിദേശത്തുള്ള ഒരു വ്യക്തിയാണെന്നാണ് പോലീസ് നൽകുന്ന വിവരം. അറസ്റ്റിലായവർക്കെതിരെ കേരളത്തിലും കേസുകൾ നിലവിലുണ്ട്. ഇവരെ നിയന്ത്രിച്ചിരുന്ന വിദേശത്തുള്ള വ്യക്തിയെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമങ്ങൾ തുടരുകയാണ്. പ്രതികളെ പിടികൂടാൻ സഹായിച്ചതിന് മലപ്പുറം എസ്.പി.ക്ക് ഡി.സി.പി. നന്ദി അറിയിച്ചു. അന്വേഷണ സംഘത്തിൽ മലയാളി വനിതാ പോലീസ് ഉദ്യോഗസ്ഥയും ഉണ്ട്.