പാലക്കാട്: കഞ്ചിക്കോട് രണ്ടാനമ്മയുടെ ക്രൂരതയ്ക്ക് ഇരയായ അഞ്ചുവയസ്സുകാരി മുൻപും അതിക്രമങ്ങൾ നേരിട്ടിരുന്നതായി പൊലീസ്. അറസ്റ്റിലായ ബീഹാർ സ്വദേശിനി നൂർ നാസർ കുട്ടിയെ മുൻപും പൊള്ളലേൽപ്പിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.(5-year-old girl in Palakkad had been abused by her stepmother before, Father's statement recorded)
കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മാത്രമല്ല, കൈകളിലും കാലുകളിലും മുൻപ് പൊള്ളലേറ്റതിന്റെ പാടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് പീഡനം ദീർഘനാളായി തുടർന്നിരുന്നു എന്നതിന്റെ തെളിവാണ്.
കുട്ടിയുടെ അച്ഛന്റെ മൊഴി വാളയാർ പൊലീസ് രേഖപ്പെടുത്തി. എന്നാൽ വീട്ടിൽ നടന്ന ഈ ക്രൂരതകളെക്കുറിച്ച് താൻ അറിഞ്ഞിരുന്നില്ലെന്നാണ് അച്ഛൻ പൊലീസിനോട് പറഞ്ഞത്. ജോലിക്കു പോകുന്ന സമയത്തായിരിക്കാം മർദ്ദനവും പൊള്ളലേൽപ്പിക്കലും നടന്നതെന്നാണ് പ്രാഥമിക നിഗമനം.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് നൂർ നാസറിനെതിരെ കൂടുതൽ ഗുരുതരമായ വകുപ്പുകൾ ചുമത്താൻ പൊലീസ് തീരുമാനിച്ചു. നിലവിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത പ്രതി റിമാൻഡിലാണ്. കിടക്കയിൽ മൂത്രമൊഴിച്ചു എന്നാരോപിച്ചാണ് നൂർ നാസർ കുട്ടിയെ ഉപദ്രവിച്ചത്.