
തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ചു പുതിയ ദേശീയപാതകള്‍ കൂടി യാഥാർത്ഥ്യമാകുവാൻ പോവുകയാണ്. ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത് മന്ത്രി മുഹമ്മദ് റിയാസ് ആണ്. (5 new national highways coming up in Kerala)
മുഖ്യമന്ത്രിയോടൊപ്പം കേന്ദ്രഉപരിതല ഗതാഗതമന്ത്രിയെ ഡൽഹിയിൽ സന്ദര്‍ശിച്ച ഘട്ടത്തിൽ കൂടുതല്‍ പാതകള്‍ ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്തണം എന്ന സംസ്ഥാന സർക്കാരിൻ്റെ നിലപാട് അറിയിച്ചിരുന്നുവെന്നും, അതിനുള്ള വിശദമായ നിര്‍ദ്ദേശവും സംസ്ഥാന സർക്കാർ സമര്‍പ്പിച്ചിരുന്നുവെന്നും പറഞ്ഞ മന്ത്രി, അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അഞ്ചു പുതിയ ദേശീയപാതകളുടെ പദ്ധതി രേഖ തയ്യാറാക്കുവാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളത് എന്നും കൂട്ടിച്ചേർത്തു.
ദീർഘകാലത്തെ മലബാറിലെ ജനങ്ങളുടെ ആവശ്യമായിരുന്ന രാമനാട്ടുകര - കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ് സംസ്ഥാന സർക്കാരിൻ്റെ തുടർച്ചയായ ഇടപെടലിൻ്റെ ഭാഗമായി ദേശീയപാതാ നിലവാരത്തിലേക്ക് ഉയർത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് എന്നും, കൂടാതെ കണ്ണൂര്‍ വിമാനത്താവള റോഡ് (ചൊവ്വ - മട്ടന്നൂര്‍) , കൊടൂങ്ങല്ലൂര്‍ - അങ്കമാലി , വൈപ്പിന്‍ - മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവയും ദേശീയപാതാ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചിട്ടുണ്ട് എന്നും, അതോടൊപ്പം കൊച്ചി - മധുര ദേശീയപാതയില്‍ കോതമംഗലം, മൂവാറ്റുപുഴ ബൈപാസ് നിർമാണത്തിനുള്ള പദ്ധതി രേഖയും തയ്യാറാക്കുകയാണ് എന്നും അദ്ദേഹം അറിയിച്ചു.
"ജനങ്ങളുടെ ദീർഘകാലത്തെ സ്വപ്നമാണ് ഈ പാതകളുടെ വികസനം. ഇത് യാഥാർഥ്യമാക്കുവാൻ എല്ലാ സഹായവും നൽകിയ ബഹുമാനപ്പെട്ട കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ. നിതിൻ ഗഡ്കരിയോടും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനോടും പൊതുമരാമത്ത് വകുപ്പിൻ്റെ നന്ദി അറിയിക്കുന്നു.." മന്ത്രി പറഞ്ഞു.