പാനൂർ വടിവാൾ ആക്രമണം: 5 CPM പ്രവർത്തകർ അറസ്റ്റിൽ, മറ്റ് കലാപ കേസുകളിൽ CCTV ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം | CPM

50ഓളം പേർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു
പാനൂർ വടിവാൾ ആക്രമണം: 5 CPM പ്രവർത്തകർ അറസ്റ്റിൽ, മറ്റ് കലാപ കേസുകളിൽ CCTV ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം | CPM
Updated on

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കണ്ണൂർ പാനൂരിൽ യു.ഡി.എഫ്. ആഹ്ലാദപ്രകടനത്തിന് നേരെ വടിവാളുമായി അക്രമം അഴിച്ചുവിട്ട കേസിൽ അഞ്ച് സി.പി.എം. പ്രവർത്തകർ അറസ്റ്റിൽ. പാറാട് സ്വദേശികളായ അമൽ, ശ്രീജു, ജീവൻ, റെനീഷ്, സച്ചിൻ എന്നിവരാണ് കൊളവല്ലൂർ പോലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.(5 CPM workers arrested on Panoor attack)

ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. 25 വർഷങ്ങൾക്കുശേഷം കുന്നോത്ത് പറമ്പ് പഞ്ചായത്ത് യു.ഡി.എഫ്. പിടിച്ചെടുത്തതിനെ തുടർന്ന് പാറാട് ടൗണിൽ നടന്ന ആഹ്ലാദപ്രകടനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വാഹനങ്ങളിൽ എത്തിയ സി.പി.എം. പ്രവർത്തകർ യു.ഡി.എഫ്. പ്രവർത്തകർക്ക് നേരെ പാഞ്ഞടുക്കുകയും വ്യാപകമായ കല്ലേറുണ്ടാകുകയും ചെയ്തു. വടികളുപയോഗിച്ച് ആളുകളെ ആക്രമിച്ചു. ലീഗ് ഓഫീസ് അടിച്ചു തകർത്തു.

ആൾക്കൂട്ടത്തിന് ഇടയിലേക്ക് സ്ഫോടക വസ്തുക്കൾ എറിഞ്ഞതായും റിപ്പോർട്ടുണ്ട്. പോലീസ് ബസിന്റെ ചില്ലുകളും കല്ലേറിൽ തകർന്നു. യു.ഡി.എഫ്. പ്രവർത്തകരെ തിരഞ്ഞ് വീടുകളിൽ കയറിയ അക്രമികൾ ചിലർക്ക് നേരെ വടിവാളോങ്ങുകയും ചെയ്തു. ചിലർക്ക് നേരിയ പരിക്കേറ്റു. അരിശം തീരാതെ നിർത്തിയിട്ടിരുന്ന കാറും ബൈക്കും വെട്ടിപ്പൊളിച്ചു. മണിക്കൂറുകളോളമാണ് പാറാടും പരിസരത്തും അക്രമിസംഘം അഴിഞ്ഞാടിയത്.

അക്രമികൾ വീടുകളിൽ എത്തുമ്പോൾ മുഖം തിരിച്ചറിയാതിരിക്കാൻ പാർട്ടി കൊടി കൊണ്ട് മുഖം മറച്ചിരുന്നു. പോലീസ് നോക്കിനിൽക്കെയാണ് കലാപസമാനമായ അക്രമങ്ങൾ അരങ്ങേറിയതെന്ന ആരോപണമുണ്ട്. സംഭവത്തിൽ അമ്പതോളം സി.പി.എം. പ്രവർത്തകർക്കെതിരെയാണ് കൊളവല്ലൂർ പോലീസ് കേസെടുത്തിരുന്നത്. ഇതിന് പിന്നാലെയാണ് അഞ്ച് പേർ അറസ്റ്റിലായത്.

അതേസമയം, രാമന്തളിയിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിലും പയ്യന്നൂരിൽ യു.ഡി.എഫ്. ഓഫീസിനുനേരെ ആക്രമണം നടത്തിയ സംഭവത്തിലും ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പയ്യന്നൂർ പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com