തിരുവനന്തപുരം: തൈക്കാട് മോഡൽ സ്‌കൂളിന് സമീപം 19 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പ്രതികൾ കോടതിയിൽ കീഴടങ്ങി. തമ്പാനൂർ തോപ്പിൽ താമസിക്കുന്ന അലൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.( 5 accused surrender in court in Murder case of 19-year-old )
തൈക്കാട് ഗ്രൗണ്ടിൽ നടന്ന ഫുട്‌ബോൾ മാച്ചിനിടെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിൻ്റെ തുടർച്ചയാണ് കൊലപാതകത്തിൽ കലാശിച്ചത്. ഫുട്‌ബോൾ ക്ലബ്ബുകൾ തമ്മിൽ നാളുകളായി നിലനിന്നിരുന്ന തർക്കം തീർക്കാൻ ഒത്തുതീർപ്പ് ചർച്ചകൾ നടത്തുന്നതിനിടയിലായിരുന്നു കൊലപാതകം. ക്ലബ്ബുകളിൽ കൂടുതലും വിദ്യാർത്ഥികളാണ് കളിച്ചിരുന്നത്. ഇവർ പ്രശ്നം തീർക്കാൻ പുറത്തുള്ളവരെയും ചർച്ചക്കായി കൂട്ടിയിരുന്നു.
സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങളുടെ പരിശോധനയിലാണ് പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. സാക്ഷിമൊഴി പ്രകാരം, ആക്രമികൾ ഹെൽമെറ്റ് കൊണ്ട് ശക്തമായി അലൻ്റെ തലയിൽ ഇടിക്കുകയും, കത്തികൊണ്ട് നെഞ്ചിൽ കുത്തുകയും ചെയ്തെന്നാണ് വിവരം. പ്രതികൾ കോടതിയിൽ കീഴടങ്ങിയ സാഹചര്യത്തിൽ, പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.