അതുല്യയുടെ ശരീരത്തില്‍ 46 മുറിവുകള്‍, മരണം കഴുത്ത് ഞെരിഞ്ഞ്; റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

athulya death
Published on

കൊല്ലം: കൊല്ലം തേവലക്കര സ്വദേശി അതുല്യ, ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അതുല്യയുടെ ശരീരത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നതായി റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. മുറിവുകള്‍ പലതും മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് മുതല്‍ ഒരാഴ്ച വരെ മാത്രം പഴക്കമുള്ളതാണ്. കഴുത്ത് ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. കഴുത്ത് ഞെരിഞ്ഞുള്ള മരണമാണെന്നും, ഇതു കൊലപാതകമോ ആത്മഹത്യയോ ആകാമെന്നുമുള്ള നിഗമനത്തിലേക്കാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. അതേസമയം, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഈ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

അതേസമയം , അതുല്യയെ ഭര്‍ത്താവ് സതീഷ് അതിക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് ഇപ്പോഴത്തേത് അല്ലെന്നും ദീര്‍ഘകാലം മുന്‍പുള്ളതാണെന്നുമായിരുന്നു സതീഷിന്റെ വാദം.ജൂലൈ 19നാണ് അതുല്യയെ ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സതീഷിന് സംശയരോഗമുണ്ടായിരുന്നുവെന്നും അതുല്യ മറ്റാരുമായും സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. 2011 ലാണ് അതുല്യയെ സതീഷ് വിവാഹം കഴിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com