പത്തനംതിട്ട : ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്ത പ്രതിനിധികളുടെ പകുതി പോലും എത്തിയില്ല. ഓൺലൈൻ വഴി 4245 പേർ റജിസ്റ്റർ ചെയ്ത പരിപാടിയിൽ ആയിരം പേർ പോലും എത്തിയില്ലെന്നാണ് പുറത്ത് വരുന്ന വിവരം.ഓൺലൈൻ വഴി ആദ്യം റജിസ്റ്റർ ചെയ്യുന്ന 3000 പേരെ ക്ഷണിക്കും എന്നായിരുന്നു ദേവസ്വം ബോർഡ് അറിയിച്ചിരുന്നത്.
ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രി വേദി വിട്ടതോടെ കസേരകൾ കാലിയായി. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ വേദിയിലുണ്ടായിരുന്നവരും സ്ഥലം വിട്ടു. ആകെ ബാക്കിയുണ്ടായിരുന്നത് കുറച്ച് സർക്കാർ- ദേവസ്വം ജീവനക്കാരും പൊലീസുകാരും മാദ്ധ്യമപ്രവർത്തകരും മാത്രം.പിന്നീട് നടന്ന സെമിനാറുകൾ എല്ലാം ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കിയാണ് നടന്നത്.
അതേ സമയം, മാസ്റ്റർപ്ലാൻ സംബന്ധിച്ച് നടന്ന ചർച്ചാ വേദിയിൽ 652 പേർ പങ്കെടുത്തുവെന്നാണ് മന്ത്രി പറയുന്നത്. ക്രൗഡ് മാനേജ്മെന്റുമായി ബന്ധപ്പെട്ട ചർച്ചയിൽ 250ലധികം ആളുകൾ പങ്കെടുത്തു. മൂന്നാമത്തെ സെഷനിൽ 300ലേറെ പേർ പങ്കെടുത്തുവെന്നും മന്ത്രി പറഞ്ഞു. അന്തിമ കണക്കുകൾ ദേവസ്വം ബോർഡ് പ്രസിദ്ധീകരിച്ചിട്ടില്ല.