
തിരുവനന്തപുരം : കരള്‍ പ്രവര്‍ത്തന രഹിതമാകുന്ന അക്യൂട്ട് ലിവര്‍ ഫെയിലിയര്‍ (എ.എല്‍.എഫ്.) ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന 40 വയസ്സുകാരി തിരികെ ജീവിതത്തിലേക്ക്. തിരുവനന്തപുരം കിംസ്‌ഹെല്‍ത്തില്‍ ഒന്നിലധികം ക്ലിനിക്കൽ വിഭാഗങ്ങളുടെ ഏകോപനത്തിലൂടെ നടത്തിയ ചികിത്സയ്ക്കൊടുവിലാണ് കൊല്ലം സ്വദേശിനിയുടെ കരളിന്റെ പ്രവര്‍ത്തനം സാധാരണനിലയിലാക്കിയത്.
മുന്‍പ് കരള്‍ രോഗ ലക്ഷണങ്ങള്‍ ഇല്ലാതിരുന്ന ഒരു വ്യക്തിയില്‍ പെട്ടെന്ന് രോഗം കാണപ്പെടുകയും അതുവഴി കരളിന്റെ പ്രവര്‍ത്തനം തകരാറിലാകുകയും ചെയ്യുന്ന രോഗാവസ്ഥയാണ് അക്യൂട്ട് ലിവര്‍ ഫെയിലിയര്‍ അഥവാ എ.എല്‍.എഫ്. കരളിലെ കോശങ്ങളെ തകരാറിലാക്കുന്ന ഹെപ്പറ്റൈറ്റിസ് വൈറസുകളാണ് (ഹെപ്പറ്റൈറ്റിസ് എ,ബി,ഇ) അക്യൂട്ട് ലിവര്‍ ഫെയിലിയര്‍ രോഗാവസ്ഥയ്ക്ക് പ്രധാന കാരണം.
മറ്റ് രോഗങ്ങളൊന്നുമില്ലാതിരുന്ന രോഗിയെ ബോധക്ഷയത്തെ തുടര്‍ന്നാണ് കിംസ്‌ഹെല്‍ത്തില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനകളില്‍ ഹെപ്പറ്റൈറ്റിസ്, കരളിന്റെ തകരാര്‍ മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഹെപ്പാറ്റിക് എന്‍സെഫലോപ്പതി എന്നീ അവസ്ഥകള്‍ കണ്ടെത്തുകയായിരുന്നു. ഗുരുതരാവസ്ഥ മനസ്സിലാക്കിയ ഉടന്‍ തന്നെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും അഡ്വാന്‍സ്ഡ് ലിവര്‍ സപ്പോര്‍ട്ട് മരുന്നുകൾ ആരംഭിക്കുകയും ചെയ്തു. തുടര്‍ പരിശോധനകളില്‍ ശരീരത്തിലെ അമോണിയയുടെ അളവ് അപകടകരമാംവിധം ഉയര്‍ന്നതായും, അണുബാധ സൂചിപ്പിക്കുന്ന രീതിയിൽ വൈറ്റ് ബ്ലഡ് സെല്ലുകളുടെ എണ്ണം വർധിച്ചതായും കാണപ്പെട്ടു. .
അതീവ ഗുരുതരാവസ്ഥ കണക്കിലെടുത്ത് മെഡിക്കല്‍ ടീം അടിയന്തര കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഒരു ഉപാധിയായി പരിഗണിച്ചു, രോഗിയുടെ ഭർത്താവും മകളും ദാനം ചെയ്യാൻ തായ്യാറായിരുന്നെങ്കിലും പരിശോധനയിൽ ഇരുവരും കോവിഡ്-19 പോസിറ്റീവ് ആയതിനാല്‍ ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. തുടർന്ന് രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതിനായി, ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മധു ശശിധരന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം സങ്കീര്‍ണ്ണമായ ചികിത്സാരീതികളുമായി മുന്നോട്ടുപോകുവാന്‍ തീരുമാനിച്ചു. രക്തം ശുദ്ധീകരിക്കുന്നതിനായി പത്ത് സൈക്കിള്‍ ഡയാലിസിസും ശരീരത്തില്‍ നിന്ന് വിഷാംശങ്ങളും മറ്റ് ഹാനികരമായ പദാര്‍ത്ഥങ്ങളും നീക്കം ചെയ്യുന്നതിനായി നാല് സൈക്കിള്‍ പ്ലാസ്മ എക്‌സ്‌ചേഞ്ചും അടിയന്തരമായി രോഗിയില്‍ നടത്തി. തുടര്‍ന്ന് രോഗാവസ്ഥ ഭേദപ്പെടുകയും മഞ്ഞപ്പിത്തം, ഉയര്‍ന്ന അമോണിയ ലെവല്‍, അണുബാധ എന്നിവ നിയന്ത്രണവിധേയമാകുകയും ചെയ്തു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വെന്റിലേറ്റര്‍ സഹായം നീക്കുകയും ചെയ്തു. കരളിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായതോടെ രോഗി വീട്ടിലേക്ക് മടങ്ങി.
കരള്‍ മാറ്റിവെക്കുന്നതിലൂടെയല്ലാതെ, അക്യൂട്ട് ലിവര്‍ ഫെയിലിയര്‍ ചികിത്സിക്കുമ്പോള്‍ രോഗാവസ്ഥ ഭേദമാകുവാനുള്ള സാധ്യത 10 മുതല്‍ 20 ശതമാനം വരെ മാത്രമാണ്. ഇവിടെ രോഗിയ്ക്ക് മറ്റ് രോഗങ്ങളില്ലാതിരുന്നതും കൃത്യസമയത്തുള്ള വൈദ്യസഹായവുമാണ് സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചു വരവില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതെന്ന് ഡോ. മധു ശശിധരന്‍ പറഞ്ഞു.
ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. അജിത് കെ നായര്‍, ഡോ. ഹാരിഷ് കരീം, കണ്‍സള്‍ട്ടന്റ് ഡോ. സിമ്‌ന എല്‍, അസോസിയേറ്റ് കണ്‍സള്‍ട്ടന്റുമാരായ ഡോ. അരുണ്‍ പി, ഡോ. ദേവിക മധു, ട്രാന്‍സ്പ്ലാന്റ് സര്‍വീസസ് സീനിയര്‍ കണ്‍സള്‍ട്ടന്റ് & ക്ലിനിക്കല്‍ ചെയര്‍ ഡോ. ഷിറാസ് അഹമ്മദ് റാത്തര്‍, ഹെപ്പറ്റോബൈലറി, പാന്‍ക്രിയാറ്റിക് & ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം ചീഫ് കോര്‍ഡിനേറ്റര്‍ & സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഷബീറലി ടി.യു, കണ്‍സള്‍ട്ടന്റ് ഡോ. വര്‍ഗീസ് യെല്‍ദോ, അനസ്‌തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. പ്രിജിത് ആര്‍.എസ്, ഡോ. അഭിജിത് ഉത്തമന്‍ എന്നിവരും ചികിത്സയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.