തിരുവനന്തപുരം: ചിറയിൻകീഴ് പുളിമൂട്ടിൽ കടവ് പാലത്തിന് സമീപം ഒരു വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങൾ കത്തിനശിച്ച നിലയിൽ കണ്ടെത്തി. പുളിമൂട്ടിൽ കടവ് പാലത്തിന് സമീപം ആനത്തലവട്ടത്തെ 'കൃഷ്ണാലയം' എന്ന വീടിന്റെ കാർ ഷെഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് പൂർണമായും കത്തിനശിച്ചത്.(4 vehicles parked in front of BJP worker's house burnt down)
ബിജെപി പ്രവർത്തകനും ഓട്ടോ ഡ്രൈവറുമായ ബാബുവിന്റെ (56) വീട്ടിലാണ് സംഭവം. ഒരു ഓട്ടോറിക്ഷയും, രണ്ട് ബൈക്കുകളും, ഒരു സ്കൂട്ടിയുമാണ് തീവെപ്പിൽ നശിച്ചത്. ആറ്റിങ്ങൽ ഫയർഫോഴ്‌സ് സ്ഥലത്തെത്തിയപ്പോഴേക്കും വാഹനങ്ങൾ പൂർണമായും കത്തിക്കരിഞ്ഞിരുന്നു. വാഹനങ്ങൾ കത്തിനശിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ചിറയിൻകീഴ് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ വീടുകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ദിവസങ്ങൾക്ക് മുമ്പ് ബാബുവിന്റെ വീടിന് മുന്നിൽ ഹെൽമറ്റ് ധരിച്ചെത്തിയ ഒരു അജ്ഞാതൻ, ഈ വീട് ബാബുവിന്റെതാണോ എന്നും അദ്ദേഹത്തിന്റെ ഫോൺ നമ്പറും അന്വേഷിച്ചിരുന്നുവെന്ന് പ്രദേശവാസികൾ മൊഴി നൽകി. ഇയാളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. രാഷ്ട്രീയ വൈരാഗ്യം മൂലമാണോ വാഹനങ്ങൾ കത്തിച്ചതെന്നും ചിറയിൻകീഴ് പോലീസ് പരിശോധിക്കുന്നുണ്ട്.