കോഴിക്കോട്: ഊണിനൊപ്പം ആവശ്യപ്പെട്ട അയക്കൂറ ഫ്രൈ ലഭിക്കാത്തതിനെ തുടർന്ന് ഒരു സംഘം ആളുകൾ കോഴിക്കോട് ഹോട്ടൽ തല്ലിത്തകർത്തു. ബാലുശ്ശേരി നന്മണ്ട-13-ന് സമീപം പ്രവർത്തിക്കുന്ന 'ഫോർടീൻസ് റെസ്‌റ്റോറൻ്റി'ലാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്.(4 people in custody for vandalizing Kozhikode hotel after not getting fish fry)
പിറന്നാളാഘോഷത്തിൻ്റെ ഭാഗമായി ശനിയാഴ്ച ഉച്ചയോടെ ഒരു കുടുംബം 40 പേർക്കുള്ള ഭക്ഷണം ഹോട്ടലിൽ ബുക്ക് ചെയ്തിരുന്നു. ചിക്കൻ ബിരിയാണി, ബീഫ് ബിരിയാണി, മീൻ കറിയോടുകൂടിയ ഊണ് തുടങ്ങിയ വിഭവങ്ങളാണ് അവർ ഓർഡർ ചെയ്തത്. ഈ വിഭവങ്ങളല്ലാത്ത ഭക്ഷണം നൽകേണ്ടതില്ലെന്ന് ബുക്ക് ചെയ്തയാൾ പ്രത്യേകം പറഞ്ഞിരുന്നതായി ഹോട്ടൽ അധികൃതർ പറയുന്നു.
ആദ്യം 20 പേരുടെ ഒരു സംഘം എത്തി ഭക്ഷണം കഴിച്ച് മടങ്ങി. ഇതിനുശേഷം ബാക്കിയുള്ളവരും ഹോട്ടലിലെത്തി. ഇവരിലെ ചിലർ ഹോട്ടൽ ജീവനക്കാരോട് അയക്കൂറ ഫ്രൈ ആവശ്യപ്പെട്ടു. ഓർഡർ ചെയ്ത വിഭവങ്ങളിൽ അയക്കൂറ ഉൾപ്പെടുന്നില്ലെന്നും, പകരം അയല ഫ്രൈ മതിയോ എന്നും ജീവനക്കാർ ചോദിച്ചു. ഇതിൽ പ്രകോപിതരായ സംഘം ബഹളം വെക്കുകയും ഹോട്ടലിലെ മേശയും കസേരയും ഗ്ലാസുകളും ഉൾപ്പെടെ തല്ലിത്തകർക്കുകയുമായിരുന്നുവെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു.
ആക്രമണത്തിൽ പരിക്കേറ്റ റെസ്റ്റോറൻ്റ് ജീവനക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഹോട്ടൽ ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആക്രമണത്തിൽ ഉൾപ്പെട്ട നാല് പേരെ ബാലുശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.