കൊച്ചി: പൊലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ എറണാകുളം പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐക്കെതിരെ കേസെടുത്തു. പാലാരിവട്ടം എസ്.ഐ. ബൈജുവിനെതിരെയാണ് എറണാകുളം കോസ്റ്റൽ സ്റ്റേഷനിലെ ഒരു പൊലീസുകാരൻ പരാതി നൽകിയിരിക്കുന്നത്.(4 lakhs stolen by threatening a policeman, Case filed against Grade SI)
പരാതിക്കാരനായ പൊലീസുകാരൻ പാലാരിവട്ടത്തെ ഒരു സ്പാ സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തട്ടിപ്പിന് കളമൊരുങ്ങിയത്.സ്പായിലെ ഒരു ജീവനക്കാരിയുടെ സ്വർണ്ണമാല കാണാതായി എന്ന് പറഞ്ഞായിരുന്നു എസ്.ഐ. ബൈജു ഇടപെട്ടത്.
ഈ സംഭവത്തിന്റെ പേരിൽ, കേസെടുക്കുമെന്നും വീട്ടിൽ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി എസ്.ഐ. പരാതിക്കാരനായ പൊലീസുകാരനിൽ നിന്ന് 4 ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു. എസ്.ഐയും സ്പായിലെ ജീവനക്കാരിയും ചേർന്നുള്ള സംഘടിത തട്ടിപ്പാണ് ഇതിന് പിന്നിലെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രേഡ് എസ്.ഐക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് സേനയിൽ തന്നെയുള്ള ഉദ്യോഗസ്ഥൻ തട്ടിപ്പ് നടത്തിയ സംഭവം സേനയ്ക്ക് നാണക്കേടായി മാറിയിരിക്കുകയാണ്.