തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡറിലെ പോസ്റ്റിലിടിച്ച് നാലുപേർക്ക് പരുക്കേറ്റു. പാറ്റൂർ ജങ്ഷന് സമീപം ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് അപകടമുണ്ടായത്. ബൈപ്പാസിൽ നിന്ന് നഗരത്തിലേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്.(4 injured after car hits divider in Trivandrum )
കാറിൽ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. അപകടത്തെത്തുടർന്ന് പരിക്കേറ്റവരെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.
അപകടം നടന്ന ഉടൻതന്നെ പോലീസും ഫയർഫോഴ്‌സും സമീപവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വികാസ് ഭവന് സമീപം താമസിക്കുന്നവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.