തൃശൂർ: ലൈഫ് മിഷൻ പദ്ധതിക്ക് നീതി ആയോഗിന്റെ 'ബെസ്റ്റ് പ്രാക്ടീസ്' അംഗീകാരം ലഭിച്ച വാർത്തയിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. ഇതിനൊപ്പം പ്രതിപക്ഷത്തിന്റെ ഭവന നിർമ്മാണ വാഗ്ദാനങ്ങളെ അദ്ദേഹം കണക്കുകൾ നിരത്തി വിമർശിച്ചു.(300 houses in 30 seconds, Minister MB Rajesh mocks VD Satheesan)
പ്രതിപക്ഷ നേതാവ് വീട് വെച്ച് നൽകുമെന്ന് പറയുന്നത് തമിഴ് സിനിമയിലെ ഹാസ്യ രംഗങ്ങളെ ഓർമ്മിപ്പിക്കുന്നു. വെറും 30 സെക്കൻഡ് കൊണ്ട് 300 വീടുകൾ നിർമ്മിച്ചു നൽകിയെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഒന്നരക്കൊല്ലം കൊണ്ട് 100 വീട് പോലും പൂർത്തിയാക്കാൻ കഴിയാത്തവരാണ് ഇപ്പോൾ 100 സീറ്റ് ചോദിക്കുന്നത്.
അധികാരത്തിൽ വന്നാൽ ലൈഫ് പദ്ധതി അടച്ചുപൂട്ടുമെന്ന് പറഞ്ഞ എം.എം. ഹസ്സൻ അത് ആവർത്തിക്കാൻ ധൈര്യമുണ്ടോ എന്ന് മന്ത്രി ചോദിച്ചു. ഇത്തരം ജനവിരുദ്ധ നിലപാടുകൾ കാരണമാണ് കഴിഞ്ഞ തവണ ജനം യു.ഡി.എഫിനെ മാറ്റിനിർത്തിയത് എന്നും അദ്ദേഹം തുറന്നടിച്ചു.
വരാനിരിക്കുന്ന ഫെബ്രുവരിയിൽ അഞ്ച് ലക്ഷം വീടുകൾ എന്ന നാഴികക്കല്ല് ലൈഫ് പദ്ധതി പൂർത്തിയാക്കും. തങ്ങൾ പറയുന്ന കണക്കുകൾ വസ്തുതാപരമാണ്, പ്രതിപക്ഷ നേതാവിനെപ്പോലെ വായുവിൽ പറയുന്നതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തെ മികച്ച മാതൃകയായാണ് നീതി ആയോഗ് ലൈഫ് മിഷനെ തിരഞ്ഞെടുത്തത്. ഇത് പദ്ധതിക്കെതിരെ കുപ്രചാരണം നടത്തുന്നവർക്കുള്ള മറുപടിയാണെന്നും മന്ത്രി പറഞ്ഞു.