

കണ്ണൂർ: പയ്യാമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയ മൂന്നംഗ സംഘം തിരയിൽപ്പെട്ട് അപകടത്തിൽപ്പെട്ടു. രണ്ടുപേർ മരിച്ചു. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.(3 people who went to bathe in the sea in Kannur were swept away by the waves, 2 died)
ഞായറാഴ്ച രാവിലെയാണ് സംഭവം. കർണാടക സ്വദേശികളായ എട്ടുപേരടങ്ങുന്ന സംഘം പയ്യാമ്പലത്തെ റിസോർട്ടിൽ താമസിച്ചു വരികയായിരുന്നു. ഇവർ ബെംഗളൂരുവിൽ നിന്നുള്ള ഡോക്ടർമാരാണെന്നാണ് പ്രാഥമിക വിവരം.
രാവിലെ എട്ടംഗ സംഘം കടലിൽ കുളിക്കാനിറങ്ങുന്നതിനിടെയാണ് മൂന്നുപേർ തിരയിൽപ്പെട്ടത്. രണ്ടുപേരെ നാട്ടുകാരും മറ്റുള്ളവരും ചേർന്ന് ഉടൻ രക്ഷപ്പെടുത്തി. എങ്കിലും ഇവരുടെ നില അതീവഗുരുതരമായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല.
കാണാതായ ഒരാൾക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. അപകടകരമായ ഭാഗത്താണ് കർണാടക സ്വദേശികൾ കടലിലിറങ്ങിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. സാധാരണയായി ആരും കുളിക്കാനിറങ്ങാത്ത അപകടസാധ്യതയുള്ള ഭാഗത്താണ് ഇവർ ഇറങ്ങിയത്. കുളിക്കാനിറങ്ങുന്നവരെ വിലക്കാറുണ്ടെങ്കിലും പലരും ഇത് ചെവിക്കൊള്ളാറില്ലെന്നും നാട്ടുകാർ പറഞ്ഞു.