

കോട്ടയം: കുമരകം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച മൂന്ന് പഞ്ചായത്ത് അംഗങ്ങളെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. പി.കെ സേതു, സുനിത് വി.കെ, നീതു റെജി എന്നിവർക്കെതിരെയാണ് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി നടപടിയെടുത്തത്.( 3 members expelled from BJP in Kumarakom)
കുമരകം പഞ്ചായത്തിൽ യുഡിഎഫ് സ്വതന്ത്രനായ എ.പി ഗോപിയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപി അംഗങ്ങൾ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതാണ് യുഡിഎഫിന്റെ വിജയത്തിൽ നിർണ്ണായകമായത്. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ.എസ് സലിമോനും യുഡിഎഫ് സ്വതന്ത്രൻ എ.പി ഗോപിക്കും 8 വോട്ടുകൾ വീതം ലഭിച്ചു.
ബിജെപി അംഗങ്ങളുടെ പിന്തുണ യുഡിഎഫിന് ലഭിച്ചതോടെ മത്സരം തുല്യനിലയിലായി. വോട്ടുകൾ തുല്യമായതിനെത്തുടർന്ന് നടത്തിയ നറുക്കെടുപ്പിലൂടെയാണ് എ.പി ഗോപിയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.