കണ്ണൂർ: പയ്യാമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ തിരയിൽപ്പെട്ട് മരിച്ചു. കര്‍ണാടക ബെംഗളൂരു സ്വദേശികളായ മൂന്നുപേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.( 3 medical students drown while bathing in the sea at Kannur)
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്, അഫ്നൻ, റഹാനുദ്ദീൻ, അഫ്രാസ് എന്നിവരാണിവർ. ബെംഗളൂരുവില്‍ നിന്നുള്ള എട്ടംഗ ഡോക്ടർമാരുടെ സംഘം പയ്യാമ്പലത്തെ റിസോര്‍ട്ടിൽ താമസിച്ചുവരികയായിരുന്നു. ഇതിനിടെ ഞായറാഴ്ച രാവിലെ കടലിൽ കുളിക്കാനിറങ്ങിയ മൂന്നുപേരാണ് തിരയിൽപ്പെട്ടത്.
അപകടത്തിൽപ്പെട്ട ഉടൻ രണ്ടുപേരെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടർന്നിരുന്നു. പിന്നീട് മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
സാധാരണയായി കുളിക്കാനിറങ്ങാത്ത അപകടമേഖലയിലാണ് കർണാടക സ്വദേശികൾ കടലിലിറങ്ങിയതെന്ന് പ്രദേശവാസികൾ നേരത്തെ അറിയിച്ചിരുന്നു.