തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിനാണ് ഈ സഹായം അനുവദിച്ചിരിക്കുന്നത്.(20 crores for Anganwadi pension distribution, says Finance Minister KN Balagopal)
വിരമിച്ചവരുടെ പെൻഷൻ, വിരമിക്കൽ ആനുകൂല്യം, വിരമിച്ചവരുടെ മരണാനുകൂല്യം തുടങ്ങിയവ നൽകുന്നതിനാണ് തുക അനുവദിച്ചത്. സാമ്പത്തിക സ്വയംപര്യാപ്തതയില്ലാത്ത ബോർഡ് സർക്കാർ സഹായത്തോടെയാണ് വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത്.
ബോർഡിന് പ്രതിമാസ ക്ഷേമനിധി വിഹിതമായി ലഭിക്കുന്നത് 2.15 കോടി രൂപയാണ്. പെൻഷൻ വിതരണത്തിനു മാത്രം മാസം വേണ്ടത് 4.26 കോടി രൂപയാണ്. കഴിഞ്ഞ നാലരവർഷത്തിനിടെ 76 കോടി രൂപയാണ് സർക്കാർ സഹായമായി ബോർഡിന് അനുവദിച്ചത്.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് 75.31 കോടി രൂപ അനുവദിച്ചതായും ധനകാര്യ മന്ത്രി അറിയിച്ചു. പാചക തൊഴിലാളികളുടെ ഓണറേറിയം, അരി അടക്കം സാധനങ്ങളുടെ വില, അരി എത്തിക്കുന്നതിനുള്ള വാഹന ചെലവ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കാണ് ഈ തുക അനുവദിച്ചത്.
സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ പദ്ധതികളോടും പൊതുവിദ്യാഭ്യാസ മേഖലയോടുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ ധനസഹായത്തിലൂടെ വ്യക്തമാകുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.