

കാസർഗോഡ്: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. എരിയാൽ ബ്ലാർകോട് സ്വദേശികളായ ഇക്ബാൽ-നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്. ശനിയാഴ്ചയാണ് നാടിനെ നോവിലാഴ്ത്തിയ ഈ അപകടമുണ്ടായത്.(2-year-old boy dies after falling into well in Kasaragod)
വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി കാൽ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്ത് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നു.
മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി നിയമപരമായ നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.