പാലക്കാട്: വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന എട്ട് കിലോയിലധികം സ്വർണം പിടികൂടി. ഏകദേശം എട്ട് കോടി രൂപ വിലമതിക്കുന്ന 8.696 കിലോഗ്രാം സ്വർണ്ണമാണ് വാഹന പരിശോധനയ്ക്കിടെ എക്സൈസ് സംഘം പിടിച്ചെടുത്തത്. സംഭവത്തിൽ മുംബൈ സ്വദേശികളായ സംകിത്ത് അജയ് ജയിൻ, ഹിദേഷ് ശിവരാം സേലങ്കി എന്നിവരെ അറസ്റ്റ് ചെയ്തു.(2 Mumbai natives arrested with gold worth Rs 8 crore in Walayar)
കോയമ്പത്തൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് യുവാക്കൾ സ്വർണ്ണവുമായി യാത്ര ചെയ്തിരുന്നത്. എക്സൈസ് സംഘം നടത്തിയ പതിവ് പരിശോധനയ്ക്കിടെ സംശയം തോന്നി ഇവരെ പരിശോധിച്ചപ്പോഴാണ് സ്വർണ്ണം കണ്ടെടുത്തത്.
മുംബൈയിൽ നിന്നാണ് സ്വർണ്ണം കൊണ്ടുവന്നതെന്ന് പ്രതികൾ മൊഴി നൽകി. തൃശൂരിലെ ഒരു പ്രമുഖ ജ്വല്ലറിയിലേക്കാണ് സ്വർണ്ണം എത്തിക്കാൻ ശ്രമിച്ചിരുന്നത്. പിടിയിലായ യുവാക്കൾ സ്ഥിരമായി ഇത്തരത്തിൽ സ്വർണ്ണം കടത്തുന്നവരാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
തുടർ നടപടികൾക്കായി പ്രതികളെയും പിടിച്ചെടുത്ത സ്വർണ്ണവും വാളയാർ എൻഫോഴ്സ്മെന്റ് സ്ക്വാഡ് സ്റ്റേറ്റ് ജി.എസ്.ടി ഡിപ്പാർട്ട്‌മെന്റിന് കൈമാറി. സംഭവത്തിന് പിന്നിൽ വലിയ സ്വർണ്ണക്കടത്ത് മാഫിയ ഉണ്ടോ എന്ന കാര്യവും അധികൃതർ അന്വേഷിച്ചു വരികയാണ്.