

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ കൂടി പോലീസ് കസ്റ്റഡിയിലായി. മുഖ്യപ്രതികളെ സഹായിച്ച രണ്ട് പേരെയാണ് കോഴിക്കോട് ടൗൺ പോലീസ് പിടികൂടിയത്. കേസിൽ കാസർകോട് സ്വദേശികളായ രണ്ട് യുവാക്കൾ നേരത്തെ അറസ്റ്റിലായിരുന്നു.(2 more people arrested in minor girl rape case in Kozhikode)
ഈ മാസം 20-നാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതാകുന്നത്. തുടർന്ന് ബസ് മാർഗ്ഗം കോഴിക്കോട് ബീച്ചിലെത്തിയ പെൺകുട്ടിക്ക് ഭക്ഷണവും താമസസൗകര്യവും നൽകാമെന്ന് വാഗ്ദാനം നൽകി പ്രതികൾ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഫ്ലാറ്റിലെത്തിച്ച പെൺകുട്ടിക്ക് മൂക്കിലൂടെ വലിക്കാവുന്ന തീവ്രമായ ലഹരിമരുന്ന് പ്രതികൾ ബലമായി നൽകി. ലഹരിയുടെ സ്വാധീനത്തിൽ അബോധാവസ്ഥയിലായ കുട്ടിയെ പുലർച്ചെ മുതൽ ഉച്ചവരെ പ്രതികൾ മാറി മാറി ലൈംഗികമായി പീഡിപ്പിച്ചു. ക്രൂരമായ ശാരീരിക ഉപദ്രവത്തിന് ശേഷം ഉച്ചയോടെ 4000 രൂപ നൽകി പെൺകുട്ടിയെ ബീച്ചിൽ ഇറക്കിവിടുകയായിരുന്നു.
ബീച്ചിൽ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ പോലീസ് ഇടപെട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ പോക്സോ (POCSO) വകുപ്പുകൾ പ്രകാരം കേസെടുത്തു.