ബൈക്ക് അപകടം : ഗോവയിൽ 2 മലയാളി അഗ്നിവീർ നാവിക സേനാംഗങ്ങൾ മരിച്ചു | Agniveer
കൊല്ലം: ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ ഗോവയിലെ അഗസ്സൈമിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് മലയാളി അഗ്നിവീർ നാവികസേനാംഗങ്ങൾ മരിച്ചു. ശൂരനാട് വടക്ക് നടുവിലേമുറി അനിഴം വീട്ടിൽ പ്രസന്നകുമാറിന്റെ മകൻ ഹരിഗോവിന്ദ് (22), കണ്ണൂർ സ്വദേശി വിഷ്ണു (21) എന്നിവരാണ് മരിച്ചത്.(2 Malayali Agniveer personnel die in Goa on Bike accident)
കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്തുനിന്ന് ഗോവയിൽ സ്പെഷ്യൽ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടവരായിരുന്നു ഇരുവരും. ജോലികഴിഞ്ഞ് ബേസ് ക്യാമ്പിലേക്ക് മടങ്ങുന്നതിനിടയിൽ അഗസ്സൈമിനും ബാംബോലിം ഹോളിക്രോസ് പള്ളിക്കും ഇടയിലായിരുന്നു അപകടം. അവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് പാതയോരത്തെ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് ലഭിച്ച വിവരം.
ചൊവ്വാഴ്ചയാണ് ഹരിയടക്കമുള്ള സേനാംഗങ്ങൾ നാവികസേനയുടെ കപ്പൽ മാർഗം ഗോവയിലെത്തിയത്. നാലുവർഷത്തെ അഗ്നിവീർ സേവനത്തിന്റെ മൂന്നാം വർഷത്തിലായിരുന്നു ഹരിഗോവിന്ദ്. മൃതദേഹങ്ങൾ ഗോവ മെഡിക്കൽ കോളേജ് (ജിഎംസി) ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ നേവി ഉദ്യോഗസ്ഥർ മോർച്ചറിയിലെത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
ഹരിഗോവിന്ദിന്റെ ബന്ധുക്കൾ ഗോവയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കൊല്ലം ജില്ലാ ആശുപത്രിയിൽ ഹെഡ് നഴ്‌സായ പി.കെ. ഷീജയാണ് ഹരിഗോവിന്ദിന്റെ അമ്മ. സഹോദരി: ഡോ. അനന്യ പ്രസന്നൻ.