ശബരിമലയിൽ 'സുഖദർശനം': പണം തട്ടിയ 2 ഡോളി തൊഴിലാളികൾ അറസ്റ്റിൽ | Sabarimala

ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പമ്പ പോലീസ് അറിയിച്ചു
ശബരിമലയിൽ 'സുഖദർശനം': പണം തട്ടിയ 2 ഡോളി തൊഴിലാളികൾ അറസ്റ്റിൽ | Sabarimala
Published on

പത്തനംതിട്ട: ശബരിമലയിൽ ക്യൂ നിൽക്കാതെ സുഖദർശനം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ രണ്ട് ഡോളി തൊഴിലാളികളെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പീരുമേട് സ്വദേശികളായ കണ്ണൻ, ആർ. രഘു എന്നിവരെയാണ് പോലീസ് പിടികൂടിയത്.(2 dolly workers arrested for embezzling money in Sabarimala)

കാസർഗോഡ് സ്വദേശികളായ അയ്യപ്പഭക്തർക്കാണ് 10,000 രൂപ നഷ്ടമായത്. ഒക്ടോബർ 18-ന് ശബരിമലയിൽ തിരക്ക് മൂലം തീർത്ഥാടകരെ നിയന്ത്രിച്ചിരുന്ന സമയത്താണ് സംഭവം. ഉച്ചയ്ക്ക് 12 മണിയോടെ മരക്കൂട്ടത്തുനിന്ന് നടന്നു വന്ന ഭക്തരെ ഡോളി തൊഴിലാളികളായ പ്രതികൾ സമീപിച്ചു.

കൂടുതൽ സമയം ക്യൂവിൽ നിൽക്കാതെ ശബരിമലയിൽ ദർശനം നടത്തി തരാമെന്ന് വിശ്വസിപ്പിച്ച് ഭക്തരിൽ നിന്ന് 10,000 രൂപ വാങ്ങി. തുടർന്ന്, വാവര് നടയ്ക്ക് സമീപം എത്തിച്ചശേഷം ഇരുവരും പണവുമായി കടന്നുകളയുകയായിരുന്നു.

അയ്യപ്പഭക്തരെ കബളിപ്പിച്ച് പണം തട്ടിയതായി ലഭിച്ച വിവരത്തെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പമ്പ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.

അറസ്റ്റ് ചെയ്ത പ്രതികളെ റാന്നി കോടതിയിൽ ഹാജരാക്കും. കേസിലെ പ്രതികളായ ഡോളി തൊഴിലാളികളുടെ ഡോളി പെർമിറ്റ് റദ്ദാക്കുന്നതിന് ദേവസ്വം ബോർഡിന് കത്ത് നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ഡോളി തൊഴിലാളികളായി രജിസ്റ്റർ ചെയ്ത ശേഷം ഡോളി ചുമക്കാതെ, ദർശനത്തിനെത്തുന്ന അയ്യപ്പഭക്തരെ കബളിപ്പിക്കുന്നവരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പമ്പ പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com