കൊച്ചി: മലയാറ്റൂർ ചിത്രപ്രിയ കൊലപാതകത്തിൽ പോലീസ് നടത്തിയ പല കണ്ടെത്തലുകളിലും സംശയമുന്നയിച്ച് കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധു രംഗത്ത്. പോലീസ് പുറത്തുവിട്ട വിവരങ്ങൾ ചോദ്യം ചെയ്ത് ചിത്രപ്രിയയുടെ ബന്ധു പോസ്റ്റിട്ടിരിക്കുകയാണ്.(19 year old Girl's relative casts doubt on police findings in Malayattoor murder case)
പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത് ചിത്രപ്രിയ അല്ല എന്നാണ് ഇയാൾ പ്രധാനമായും ആരോപിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നും, പോലീസ് പറഞ്ഞ പല കാര്യങ്ങളിലും കളവുണ്ട് എന്നും ഇയാൾ പറയുന്നു. ഈ സാഹചര്യത്തിൽ, കേസിലെ പ്രതിയായ അലനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.
മലയാറ്റൂരിലെ 19 വയസ്സുകാരിയായ ചിത്രപ്രിയയെ ആൺസുഹൃത്ത് അലൻ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണ് എന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് തൊട്ടുമുമ്പ് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. നേരത്തെ മുതലേ അലൻ ചിത്രപ്രിയയെ ശല്യപ്പെടുത്തിയിരുന്നതായും, പെൺകുട്ടി അലനെ അകറ്റി നിർത്തിയിരുന്നതായും ബന്ധുക്കൾ പോലീസിനോട് വ്യക്തമാക്കിയിരുന്നു.
സ്‌കൂൾ പഠനകാലം മുതൽ അലന് ചിത്രപ്രിയയെ അറിയാമായിരുന്നു. അടുക്കാൻ ശ്രമിച്ചപ്പോഴെല്ലാം പെൺകുട്ടി അലനെ ഒഴിവാക്കി. മികച്ച വോളിബോൾ കളിക്കാരിയായിരുന്ന ചിത്രപ്രിയ പിന്നീട് കോലഞ്ചേരിയിലെ സ്‌കൂളിലേക്ക് മാറിയപ്പോഴും അലൻ പിന്തുടർന്നു. ഒടുവിൽ ബെംഗളൂരുവിൽ പഠനത്തിന് ചേർന്നപ്പോഴും അലൻ ഫോൺ വിളി തുടരുകയും ശല്യപ്പെടുത്തുകയും ചെയ്തു.
ബ്ലേഡ് ഉപയോഗിച്ച് കൈയിൽ ചിത്രപ്രിയയുടെ പേര് വരഞ്ഞിട്ട സംഭവങ്ങൾ പോലും ഉണ്ടായി. ശല്യം സഹിക്കവയ്യാതെ ചിത്രപ്രിയ താക്കീത് നൽകിയതോടെ അലൻ പ്രകോപിതനായെന്നാണ് പോലീസ് നിഗമനം.