
തൃശൂർ: തൃശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്ന് ഭരണപക്ഷത്തെ അംഗങ്ങൾ. ഇന്ന് നടന്ന കൗൺസിൽ യോഗത്തിലാണ് അസാധാരണ നടപടി അരങ്ങേറിയത്. ഭരണപക്ഷമായ എൽഡിഎഫിലെ 18 അംഗങ്ങളാണ് ഇന്ന് നടന്ന കൗൺസിൽ യോഗം ബഹിഷ്കരിച്ചത്. കുറച്ച് നാളുകളായി തൃശൂർ കോർപ്പറേഷനിലെ ഭരണപക്ഷത്തു നടക്കുന്ന പടല പിണക്കങ്ങളുടെ ബാക്കിയാണ് ഇന്നത്തെ ബഹിഷ്കരണം. മേയറുടെ ഏകപക്ഷീയമായ പല തീരുമാനങ്ങളിലും ഭരണപക്ഷം കടുത്ത എതിർപ്പ് അറിയിച്ചിട്ടുണ്ട്.
2025 ലെ ആദ്യ കൗൺസിൽ യോഗമായിരുന്നു ഇന്ന് നടന്നത്. എന്നാൽ ഈ യോഗത്തിൽ നിന്നും എൽഡിഎഫിലെ 18 കൗൺലിർമാർ വിട്ടു നിന്നു. വർഗീസ് കണ്ടംകുളത്തി ഒഴികെ എൽഡിഎഫിലെ മുഴുവൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരും കൗൺസിൽ യോഗം ബഹിഷ്കരിച്ചു. എന്നാൽ കോൺഗ്രസിലെ 22 കൗൺസിലർമാരും ബിജെപിയിലെ 6 കൗൺസിലർമാരും അടക്കം പ്രതിപക്ഷത്തെ 28 കൗൺസിലർമാരും കൗൺസിലിൽ മുഴുവൻ സമയവും പങ്കെടുത്തു.