പത്തനംതിട്ട : ശബരിമല വികസനത്തിന് 18 അംഗ സമിതി പ്രഖ്യാപിച്ച് ആഗോള അയ്യപ്പ സംഗമത്തിന് സമാപനം. മാറുന്ന കാലത്തിനനുസരിച്ച് ഉയർന്നു ചിന്തിക്കുന്നത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു.
എൻ എസ് എസും എസ് എൻ ഡി പിയും ഉൾപ്പെടെ ഹൈന്ദവ സമുദായ സംഘടനാ നേതാക്കളുടെ സാന്നിധ്യം പരിപാടിയുടെ രാഷ്ട്രീയ വിജയത്തിൻ്റെ സൂചനയെന്ന വിലയിരുത്തലിലാണ് സർക്കാർ.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയ്യപ്പസംഗമത്തിന് ആശംസയറിയിച്ചു.
ശബരിമല വികസന മാസ്റ്റർ പ്ലാൻ, ശബരിമല കേന്ദ്രീകരിച്ചുള്ള ആധ്യാത്മിക ടൂറിസം, തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു.ആഗോള അയ്യപ്പ സംഗമം കൊണ്ട് എന്താണോ ലക്ഷ്യംവെച്ചത് അത് അര്‍ഥപൂര്‍ണമാകുന്ന അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നുവെന്ന് ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍ സമാപന സമ്മേളനത്തില്‍ പറഞ്ഞു.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ചയില്‍ 658 പേര്‍ പങ്കെടുത്തു. തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ 310-ലധികം ആളുകള്‍ പങ്കെടുത്തു. മറ്റൊരു സെക്ഷനില്‍ 250-ലധികം ആളുകളാണ് പങ്കെടുത്തത്. ദേവസ്വം ബോര്‍ഡ് നേരിട്ട് ക്ഷണിച്ച 500-ഓളം പ്രതിനിധികളും പരിപാടിയുടെ ഭാഗമായി.