കൊച്ചി : എറണാകുളം ഞാറയ്ക്കൽ മേഖലയിൽ 16-കാരനായ സ്കൂൾ വിദ്യാർഥിയുടെ അലക്ഷ്യമായ കാർ ഡ്രൈവിങ് ഒട്ടേറെ അപകടങ്ങൾക്കിടയാക്കി. നിയന്ത്രണംവിട്ട് ഓടിച്ച കാർ നിരവധി വാഹനങ്ങളിലും മതിലുകളിലും ഇടിക്കുകയും, പ്രായമായ ഒരു സ്ത്രീ ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു.(16-year-old hits several vehicles, knocks down woman with car)
ഞാറയ്ക്കൽ, ചെറായി, എടവനക്കാട് മേഖലകളിലെ പല സ്ഥലങ്ങളിലാണ് 16-കാരൻ അപകടമുണ്ടാക്കിയത്. ചില അപകടങ്ങളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അമിതവേഗത്തിലും അലക്ഷ്യമായിട്ടുമാണ് വിദ്യാർഥി വാഹനമോടിച്ചത്. കാർ ഒട്ടേറെ വാഹനങ്ങളിലും മതിലുകളിലും ഇടിച്ചു.
റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഒരു സ്ത്രീയെ ഇടിച്ചുതെറിപ്പിച്ചു. ഇവർ ചികിത്സയിലാണ്. കൂടാതെ, 16-കാരനെ തടയാൻ ശ്രമിച്ച ഒരു ബൈക്ക് യാത്രികനും മറിഞ്ഞുവീണു. 16-കാരനും കൂട്ടുകാരായ രണ്ടുപേരും അടക്കം മൂന്ന് കുട്ടികളാണ് കാറിലുണ്ടായിരുന്നത്. ഇവരെ ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
അപകടമുണ്ടാക്കിയ വാഹനവും ഞാറയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കാറുടമയ്‌ക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. നിയമം ലംഘിച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർഥി കാറോടിച്ചതിലും പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കിയതിലും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.