തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ പതിനഞ്ചുകാരനെ കാണാതായതായി പരാതി. കൊല്ലം കിളികൊല്ലൂർ കല്ലുംതാഴം അയത്തിൽ കട്ടവിള വീട്ടിൽ മുഹമ്മദ് സഹദിനെയാണ് കഴിഞ്ഞ ഞായറാഴ്ച, നവംബർ 2 മുതൽ പേരുമല മദ്രസയിൽ നിന്ന് കാണാതായത്.(15-year-old boy goes missing, Investigation intensifies)
പേരുമല കുത്ബുൽ ആഹലം മദ്രസയിൽ നാല് വർഷമായി താമസിച്ച് പഠിക്കുകയായിരുന്നു സഹദ്. നവംബർ 2, ഞായറാഴ്ച വൈകുന്നേരം ആറുമണി മുതലാണ് കുട്ടിയെ കാണാതായത്. വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് മദ്രസയിൽ നിന്ന് പോയത്. ഇതിനുശേഷം കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
കുട്ടി നടന്നുപോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുട്ടിയെ കാണാതായ വിവരം പോലീസിൽ അറിയിക്കാൻ അധികൃതർ വൈകിയതിൽ ഗുരുതരമായ വീഴ്ചയുണ്ടായതായി പോലീസ് ചൂണ്ടിക്കാട്ടി. നവംബർ 2 ന് വൈകുന്നേരം ആറുമണിക്ക് കാണാതായ കുട്ടിയെക്കുറിച്ച് അടുത്ത ദിവസം (നവംബർ 3) ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് പോലീസിൽ പരാതി നൽകുന്നത്.
നവംബർ 3, തിങ്കളാഴ്ച രാവിലെ 11 മണിയോടെ രക്ഷിതാക്കൾ മദ്രസയിൽ വിളിക്കുമ്പോഴാണ് കുട്ടിയെ കാണാനില്ല എന്ന വിവരം അറിയുന്നത്. കാണാതായ വിവരം പോലീസിൽ അറിയിക്കാൻ വൈകിയത്, കുട്ടിക്ക് മറ്റെവിടെയെങ്കിലും യാത്ര ചെയ്തുപോകുന്നതിന് സൗകര്യമുണ്ടാക്കിയിരിക്കും എന്ന് പോലീസ് പറയുന്നു. വെഞ്ഞാറമൂട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.