

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറ് സീറ്റിലധികം നേടുമെന്ന വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ പരിഹാസവുമായി കെ.കെ. ഷൈലജ എംഎൽഎ. യുഡിഎഫ് എന്ത് അടിസ്ഥാനത്തിലാണ് നൂറ് സീറ്റുകൾ ലഭിക്കുമെന്ന് പറയുന്നതെന്ന് ഷൈലജ ചോദിച്ചു. നൂറല്ല, വേണമെങ്കിൽ 140 സീറ്റും കിട്ടുമെന്ന് സതീശന് പറയാമല്ലോ എന്നും അവർ പരിഹസിച്ചു.
കേരളത്തെ കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കിയപ്പോൾ യുഡിഎഫ് മൗനം പാലിച്ചു. ബിജെപി സർക്കാരിനെതിരെ ഒരക്ഷരം പോലും ഉരിയാടാൻ പ്രതിപക്ഷം തയ്യാറായിട്ടില്ല. ഇടതുപക്ഷത്തെ തകർക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് യുഡിഎഫിനുള്ളത്. ഇതിനായി അവർ എന്തും ചെയ്യും-ഷൈലജ പറഞ്ഞു.
ലൈംഗിക പീഡന പരാതികളിലും ഗർഭച്ഛിദ്രം ഉൾപ്പെടെയുള്ള ആരോപണങ്ങളിലും കുടുങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിനെ ഷൈലജ രൂക്ഷമായി വിമർശിച്ചു. ആ ചെറുപ്പക്കാരൻ കാണിച്ച ക്രൂരത കോൺഗ്രസ് നേരത്തെ തന്നെ അറിഞ്ഞിട്ടും അത് പൂഴ്ത്തിവെക്കുകയായിരുന്നു. പുറത്തുവന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ക്രൂരത തിരിച്ചറിഞ്ഞപ്പോൾ അയാളെ പുറത്താക്കുന്നു എന്ന് വരുത്തിത്തീർത്ത് രക്ഷപ്പെടാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും ഷൈലജ കുറ്റപ്പെടുത്തി.