കൊച്ചി: കാമുകനൊപ്പം ജീവിക്കാൻ അസമിൽ നിന്നും ട്രെയിൻ കയറി ആലുവയിലെത്തിയ പതിനാലുകാരിയെയും സംഘത്തെയും പിടികൂടി. പെൺകുട്ടിയുടെ കാമുകനായ അസം നാഗോൺ സ്വദേശി സദ്ദാം ഹുസൈൻ, ഇയാളുടെ ബന്ധു ഹബീബുൽ റഹ്മാൻ, ഭാര്യ അഫ്സാന ബീഗം എന്നിവരാണ് പിടിയിലായത്.(14-year-old girl and gang arrested after coming to Kerala from Assam to live with boyfriend)
അസമിലെ സദർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയെ കാമുകനും ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടുവരികയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ നൽകിയ പരാതിയിൽ അസം പോലീസ് അന്വേഷണം ആരംഭിക്കുകയും സംഘം കേരളത്തിലേക്ക് കടന്നതായി കണ്ടെത്തുകയുമായിരുന്നു.
ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ഡിബ്രുഗഡ് - കന്യാകുമാരി എക്സ്പ്രസിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ഉടൻ തന്നെ സംഘത്തെ പോലീസ് വളഞ്ഞു. ബന്ധുക്കളുടെ കൈക്കുഞ്ഞും ഇവർക്കൊപ്പമുണ്ടായിരുന്നു. പിടിയിലായ സദ്ദാം ഹുസൈനും സംഘവും മുൻപ് പെരുമ്പാവൂർ ഭാഗത്ത് ജോലി ചെയ്തിട്ടുള്ളവരാണ്. ഇവിടെ ഒന്നിച്ച് താമസിക്കാനായിരുന്നു ഇവരുടെ പദ്ധതി.