തംസുമിനായുള്ള തിരച്ചിൽ: തൃശൂരില്‍ നിന്ന് മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി
തൃശൂര്‍: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന കാണാതായ 13 വയസുകാരി തസ്മിദ് തംസുമിനായുള്ള തിരച്ചിലിനിടയിൽ തൃശൂരിൽ നിന്നും കാണാതായ മറ്റൊരു കുട്ടിയെ കണ്ടെത്തി. അന്വേഷണ സംഘം തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത് തമിഴ്നാട് തിരുപ്പൂരില്‍ നിന്ന് കാണാതായ അനുപ്രിയ എന്ന കുട്ടിയെയാണ്.
ഇതേത്തുടർന്ന് കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും, ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു. കഴക്കൂട്ടത്ത് നിന്നും അതിഥിത്തൊഴിലാളിയുടെ മകളെ കാണാതായത് കഴിഞ്ഞ ദിവസം രാവിലെ ഒൻപതിനാണ്. കുട്ടി വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങുകയും, ട്രെയിനിൽ കയറി പോവുകയുമായിരുന്നു.
ആദ്യമണിക്കൂറുകളിൽ സംസ്ഥാനവ്യാപകമായി തിരച്ചിൽ നടത്തിയ പൊലീസിന് കുട്ടിയുമായി സാദൃശ്യമുള്ള പെൺകുട്ടിയെ കണ്ടതായി തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വിവരം ലഭിക്കുകയായിരുന്നു. ഇത് തിരുപ്പൂരിൽ നിന്ന് കാണാതായ അനുപ്രിയ ആണെന്ന് പിന്നീടാണ് പോലീസ് സ്ഥിരീകരിച്ചത്.